കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വരാനിരിക്കെ, മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തമ്മനം സ്വദേശി മണികണ്ഠനാണ് ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ചത്. ഇന്നലെ രാത്രി റോഡിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മണികണ്ഠനെ, പൊലീസ് പാലാരിവട്ടം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് സംഭവം.
ഡിസംബർ 8ന് കേസിൽ അന്തിമ വിധി വരാനിരിക്കെയാണ് മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ തമ്മനം മെയ് ഫസ്റ്റ് റോഡിൽ മദ്യപിച്ച് ബഹളം വച്ച മണികണ്ഠനെ പാലാരിവട്ടം സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം വെളുപ്പിന് ഒരു മണിയോടെ ഇയാളെ വിട്ടയച്ചു.
രാത്രി രണ്ടു മണിയോടുകൂടിയാണ് മണികണ്ഠനെ സുഹൃത്തിന്റെ കൂടെ സ്റ്റേഷനിൽ നിന്നും വിട്ടത്. സ്റ്റേഷനിൽ നിന്നിറങ്ങിയ മണികണ്ഠൻ അടുത്തുള്ള കടയിൽ നിന്നും ബ്ലേഡ് വാങ്ങി കയ്യിലെ ഞരമ്പ് മുറിക്കുകയായിരുന്നു. പൊലീസ് ഉടൻ മണികണ്ഠനെ എറണാകുളം ഗവൺമെൻ്റ് ഹോസ്‌പിറ്റലിൽ എത്തിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)