സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത കുടുംബത്തിന് താങ്ങായി എംജിഎം ഹയർ സെക്കൻഡറി സ്കൂൾ. 2,57,232 രൂപ സ്കൂൾ പ്രിൻസിപ്പൽ അടങ്ങുന്ന സംഘം ബാങ്കിലെത്തി അടച്ചു. ഇനി ചാത്തൻകരി സ്വദേശി അനിയൻകുഞ്ഞിനും കുടുംബത്തിനും സ്വന്തം വീട്ടിൽ അന്തിയുറങ്ങാം..
അനിയൻകുഞ്ഞിന്റെ രണ്ടു മക്കൾ പഠിക്കുന്ന തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂളാണ് കുടുംബത്തിനുവേണ്ടി ബാങ്കിലെത്തി പണം അടച്ചത്. ന്യൂസ് മലയാളം വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ അധ്യാപക അനധ്യാപക കൂട്ടായ്മ പണം സ്വരൂപിച്ച് അടയ്ക്കാൻ തീരുമാനിച്ചു. പ്രദേശത്തെ പൊതുപ്രവർത്തകരും കൂടെ നിന്നു. തുടർന്ന് വൈകിട്ട് മൂന്നു മണിയോടെ സ്കൂൾ പ്രിൻസിപ്പൽ പി.കെ. തോമസിന്റെ നേതൃത്വത്തിൽ ബാങ്കിലെത്തി പണം അടച്ചു. ഇനി അനിയൻകുഞ്ഞിനും ഷീബയ്ക്കും മക്കളോടൊപ്പം സ്വന്തം വീട്ടിൽ അന്തിയുറങ്ങാം.
വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ സ്കൂൾ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അനിയൻകുഞ്ഞിന്റെ വീട്ടിലെത്തി സാഹചര്യങ്ങൾ മനസിലാക്കി. തുടർന്ന് സ്കൂൾ മാനേജർ ഗബ്രിയേൽ മാർ ഗ്രിഗോറിയസിന്റെ നിർദ്ദേശപ്രകാരം ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ ബാങ്ക് അധികൃതരുമായി ചർച്ച നടത്തി. ഒടുവിൽ 2,57,000 രൂപ അടയ്ക്കാം എന്ന ധാരണയിൽ എത്തി.
2018ലെ പ്രളയത്തിൽ ആയിരുന്നു അനിയൻകുഞ്ഞിന്റെ വീട് തകരുന്നത്. തുടർന്ന് സർക്കാരിൽ നിന്നും ലഭിച്ച ധനസഹായത്തിൽ വീടുപണി ആരംഭിച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ തിരുവല്ല അർബൻ ബാങ്കിൽ നിന്നും വായ്പ എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്. അഞ്ച് സെന്റിൽ താഴെ ഉള്ളവരുടെ ബാധ്യതയിൽ ജപ്തി നടപടികൾ ഉണ്ടാകരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം നിലനിൽക്കെയായായിരുന്നു സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിന്റെ ജപ്തി നടപടി.