തിരുവനന്തപുരം കോർപറേഷനിലെ പ്രതിസന്ധിയിൽ ബിജെപിക്ക് ആശ്വാസമായി വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വിയ്യൂർ ജയിലിൽ നടന്ന അസാധാരണ സത്യപ്രതിജ്ഞയിൽ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണം മുന്നോട്ടുകൊണ്ടുപോകാൻ ബിജെപിക്ക് ഉത്തമബോധ്യമുണ്ടെന്നു മേയർ പ്രതികരിച്ചു. സുഗതൻ ജയിലിൽ തുടരുന്ന സാഹചര്യത്തിൽ എൽഡിഎഫ് റിലേ സമരം അവസാനിപ്പിച്ചു. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് എസ്. പി. ദീപക് പറഞ്ഞു.
കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാണങ്കിലും ജനവിധി മാനിക്കപ്പെടണമെന്നും ജനാധിപത്യ പ്രക്രിയ തടസ്സപ്പെടരുതെന്നുമുള്ള ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ജയിലിൽ സത്യപ്രതിജ്ഞ സൗകര്യമൊരുക്കിയത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം മേയർ വി വി രാജേഷ് ജയിയിലെത്തി സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ സെക്രട്ടറി ജയിലിലും, ബി ജെ പി കൗൺസിലർമാർ പുറത്തുമെത്തി സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി. ദൈവത്തിന്റെ പേര് പറഞ്ഞുള്ള സത്യപ്രതിജ്ഞ അസാധുവായതോടെ ഇന്നത്തെ ചടങ്ങിൽ സുഗതൻ ഈശ്വരനാമത്തിൽ സത്യപ്രതിജ് ചെയ്തു.
സുഗതനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് ഇന്നും മേയർ രംഗത്തെത്തി. തിരുവനന്തപുരം കോർപറേഷൻ ഭരണം ബി ജെ പി യുടെ നേതൃത്വത്തിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തമ ബോധ്യമുണ്ടെന്ന് മേയർ പ്രതികരിച്ചു. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിൽ സ്ഥാനത്തിന് അ യോഗ്യതയുണ്ടാകും എന്ന നിയമപ്രശ്നം ഇനിയും നിലനിൽക്കുന്നുണ്ട്. കാപ്പ കേസിലെ തടവ് ആയതിനാൽ ഉടൻ സുഗതന് പുറത്തിറങ്ങാനും സാധിക്കില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എൽഡി എഫ് കൗൺസിലർമാർ രംഗത്തെത്തി. ഉടൻ കൗൺസിൽ വിളിക്കാൻ ആവശ്യപ്പെടുമെന്നും, 3 കൗൺസിലിൽ പങ്കെടുക്കാതെ വരുന്ന സുഗതന്റെ കാര്യത്തിലും നിയമപരമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് എസ് പി ദീപക് പറഞ്ഞു.
കൗൺസിലർക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യത്തിൽ തങ്ങളുടെ ആവശ്യം കോടതി അംഗീകരിച്ചെന്ന് വ്യക്തമാക്കി എൽഡിഎഫ് കോര്പറേഷന് മുന്നിൽ നടത്തിവന്ന റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു. കാപ്പ കേസ് പ്രതിയെ സംരക്ഷിക്കുന്ന മേയർക്കും, യു ഡി എഫ് സർക്കാരിനും ഇരട്ടനീതിയാണെന്നു ജില്ലാ സെക്രട്ടറി വി ജോയ് വിമർശിച്ചു. കാപ്പ കേസ് പ്രതിയെ വിലങ്ങില്ലാതെയും, രാഷ്ട്രീയ കേസിലെ പ്രതിയായ മുൻ കൗൺസിലർ ഐ പി ബിനുവിനെ വിലങ്ങണിയിച്ചതും ചൂണ്ടിക്കാട്ടിയാണ് വിമർശനം. അസാധാരണ പ്രതിസന്ധിയിലൂടെ താൽക്കാലികമായെങ്കിലും പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ബി ജെപി അതേസമയം നിയമപരമായ പോരാട്ടം തുടരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.