തിരുവനന്തപുരം: സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് മീനാങ്കൽ കുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കി. സംസ്ഥാന നേതൃത്വത്തിന് എതിരെ പരസ്യവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മീനാങ്കൽ കുമാറിനെ പുറത്താക്കാൻ സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ തീരുമാനിച്ചത്.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ മീനാങ്കൽ കുമാറിൻ്റെ നേതൃത്വത്തിൽ യോഗം ചേരാനിരുന്ന എഐടിയുസി ഓഫീസ് ഒരു വിഭാഗം പൂട്ടിയിട്ടു. മീനാങ്കൽ കുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിൻ്റെ ഭാഗമായി മീനാങ്കൽ കുമാർ അനുകൂലികൾ തമ്പാനൂർ ടൗണിൽ പ്രകടനം നടത്തി.
സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മീനാങ്കൽ കുമാർ നേതൃത്വത്തെ വെല്ലുവിളിക്കുകയായിരുന്നു. എന്നാൽ നടപടിയെ കുറിച്ച് അറിയില്ലെന്നും നടപടി എടുത്താൽ കാര്യങ്ങൾ വിശദമായി പറയുമെന്നും മീനാങ്കൽ കുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു.