തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് പാലോട് രവി രാജിവെച്ചു. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സണ്ണി ജോസഫ് അറിയിച്ചു. എൽഡിഎഫ് മൂന്നാമതും ഭരണത്തിൽ വരുമെന്ന രവിയുടെ ഫോൺ സംഭാഷണ ശകലം പുറത്തുവന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
വിവാദം കനത്തതിന് പിന്നാലെയാണ് പാലോട് രവി ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചത്. ശബ്ദസന്ദേശ വിവാദത്തിൽ പാലോട് രവിക്കെതിരെ നടപടി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നേരത്തെ അറിയിച്ചിരുന്നു, ഇതിനെത്തുടർന്ന് രാജി ചോദിച്ച് വാങ്ങുകയായിരുന്നുവെന്നുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
അടുത്ത തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് മൂക്കുംകുത്തി താഴെ വീഴുമെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പാലോട് രവി പറഞ്ഞത്. ബിജെപി കാശ് കൊടുത്ത് വോട്ട് വാങ്ങും. തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നും പാലോട് രവി കോണ്‍ഗ്രസ് പ്രവർത്തകനോട് പറയുന്നുണ്ട്.
"വാർഡില്‍ പ്രവർത്തിക്കാന്‍ കോണ്‍ഗ്രസിന് ആളില്ല. നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ പത്ത് ശതമാനം സ്ഥലത്തെ നമുക്ക് ആളൊള്ളു. ഇത് മനസിലാക്കാതെ മുന്നോട്ട് പോയാല്‍ വെറുതെ വീരവാദം പറഞ്ഞു നമുക്ക് നടക്കാമെന്നേയുള്ളൂ. ഈ പാർട്ടിയെ ഗ്രൂപ്പും താല്‍പ്പര്യവും പറഞ്ഞു കുഴിച്ചുമൂടുന്നതിൻ്റെ ഉത്തരവാദിത്തം നമുക്കാണ്," പാലോട് രവി പറഞ്ഞു.
പ്രസ്താവനയ്ക്ക് പിന്നാലെ പാലോട് രവിക്കെതിരെ സൈബര്‍ ആക്രമണം കടുത്തു. നാണവും മാനവുമില്ലേ ഈ സ്ഥാനത്ത് ഇരുന്ന് ഇങ്ങനെ പറയാന്‍?, പോയി മലപ്പുറം ഡിസിസി അധ്യക്ഷന്‍ ജോയിയെ കണ്ടു പഠിക്ക് പണിയെടുക്കാന്‍ അറിയില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോ'' എന്നു തുടങ്ങി നിരവധി കമൻ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനുപിന്നാലെയാണ് രാജി വാർത്ത പുറത്തുവരുന്നത്.
ഇതിനു മുൻപ് പാർട്ടിക്ക് തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പിനെ തുടർന്ന് പാലോട് രവി രാജിക്കത്ത് നൽകിയിരുന്നെങ്കിലും അന്ന് സംസ്ഥാന നേതൃത്വം സംരക്ഷിച്ചു നിർത്തുകയായിരുന്നു. പാലോട് രവി മുൻപ് പ്രതിനിധീകരിച്ച നെടുമങ്ങാട് മണ്ഡലത്തിൽ കഴിഞ്ഞതവണ മത്സരിച്ച പി. എസ്. പ്രശാന്തിനെ തോൽപ്പിച്ചത് പാലോട് രവിയാണെന്നതടക്കം തെളിവുകൾ നിരത്തി കെപിസിസിക്ക് പരാതി നൽകിയിരുന്നെങ്കിലും അന്ന് നടപടി എടുത്തിരുന്നില്ല. ഇപ്പോഴത്തെ നടപടിയിൽ ഇതടക്കം കാര്യങ്ങൾ പരിഗണിച്ചിട്ടുണ്ട്. പുനസംഘടന വരുമ്പോൾ അദ്ദേഹത്തിനെ പരിഗണിക്കേണ്ട എന്നും നേതൃത്വം തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം.