മരുന്ന് മാറി നൽകിയെന്ന വാർത്ത വ്യാജം; വിശദീകരണവുമായി റീജണൽ കാൻസർ സെൻ്റർ

രോഗികൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് കാൻസർ വിശദീകരിക്കുന്നു.
Regional Cancer Centre
റീജണൽ കാൻസർ സെൻ്റർ
Published on
Updated on

തിരുവനന്തപുരം: മരുന്ന് മാറി നൽകിയെന്ന് പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി റീജണൽ കാൻസർ സെൻ്റർ. മരുന്ന് മാറി നൽകിയെന്ന വാർത്ത വ്യാജമാണ് എന്നാണ് റീജണൽ കാൻസർ സെൻ്റർ നൽകുന്ന വിശദീകരണം. ആർസിസിയുടെ പർച്ചേസ് & ടെണ്ടർ നടപടികൾ (2024-25) അനുസരിച്ച് ഗ്ലോബല ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ടെമോസോളോമൈഡ് 250mg,100mg, 20mg മരുന്നുകൾ ആർസിസിയിൽ വിതരണം ചെയ്യുന്നത്.

25/03/2025 ൽ ആർസിസിയിൽ എത്തിച്ച 92 പാക്കറ്റ് ടെമോസോളോമൈഡ് 100mg (ബാച്ച് നം. GSC24056, മാന്യുഫാക്ച്ചറിങ് ഡേറ്റ് 08/2024, ഇൻവോയിസ് നം; 2451201 ഡേറ്റ് 25/03/2025) എന്നീ ബാച്ചിലാണ് ആശയക്കുഴപ്പം ഉണ്ടായത്. ഓരോ ബാച്ച് മരുന്ന് എത്തുമ്പോഴും മരുന്നിൻ്റെ ബാച്ച് നമ്പറും മറ്റുരേഖകളും കൃത്യമായി പരിശോധിച്ചാണ് സ്റ്റോക്ക് എടുക്കുന്നത്. നേരത്തെ ലഭിച്ച സ്റ്റോക്ക് ബാക്കി ഉണ്ടായിരുന്നതിനാൽ 27/06/2025 നാണ് ഈ പാക്കറ്റിൽ നിന്നും മരുന്ന് രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി ഫാർമസിയിൽ എത്തിച്ചത് എന്നും കാൻസർ സെൻ്റർ വിശദീകരിക്കുന്നു.

ഫാർമസി ജീവനക്കാർ പരിശോധന നടത്തിയശേഷം മാത്രമാണ് പതിവായി രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് 12/07/2025ൽ ബാച്ചിലെ ആദ്യസെറ്റ് എടുക്കുമ്പോൾ തന്നെ 10 പാക്കറ്റുകളുടെ ഒരു സെറ്റിൽ രണ്ടു പാക്കറ്റുകളിൽ എറ്റോപോസൈഡ് 50 mg എന്ന ലേബൽ ഫാർമസി സ്റ്റാഫിൻ്റെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ പാക്കറ്റുകൾ പൊട്ടിച്ച് പരിശോധിക്കുകയും ചെയ്തു.

പാക്കറ്റിനുള്ളിലെ ബോട്ടിലിൽ ടെമോസോളോമൈഡ് 100mg എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആശയക്കുഴപ്പം ഉണ്ടായതിനാൽ ടെമോസോളോമൈഡിൻ്റെ വിതരണം ഉടനടി നിർത്തിവച്ചു. തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ല. രോഗികൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും കാൻസർ സെൻ്റർ നൽകുന്ന വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്.

വിവരം ഉടൻ തന്നെ വിതരണക്കാരായ കമ്പനിയേയും അറിയിച്ചു. തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി ആർസിസി ഡ്രഗ് കമ്മിറ്റി 30/07/2025ന് ചേരുകയും ഡ്രഗ് കൺട്രോളർ ഓഫ് കേരളയെ വിവരം അറിയിക്കാൻ തീരുമാനിക്കുകയും ചെയ്തു. കൂടാതെ ഗ്ലോബല ഫാർമ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും ഇനിമുതൽ മേൽപ്പറഞ്ഞ രണ്ട് മെഡിസിനുകളും എടുക്കേണ്ടതില്ലെന്നും കമ്പനിയുമായി പുതിയ കരാറിൽ ഏർപ്പെടേണ്ടതില്ലെന്നും തീരുമാനമെടുത്തുവെന്നും ആർസിസി അറിയിച്ചു.

ഡ്രഗ് കൺട്രോളർ ഓഫ് കേരളയെ 16/08/2025 ന് വിവരമറിയിച്ചത് പ്രകാരം 06/10/2025 ന് ആശുപത്രിയിലെത്തി സംശയാസ്പദമായ മുഴുവൻ പാക്കറ്റുകളും ഡ്രഗ് കൺട്രോളർ ഓഫ് കേരള കണ്ടെടുത്തു. നിയമപരമായ തുടർ നടപടികൾ ഡ്രഗ് കൺട്രോളർ ഓഫ് കേരളയുടെ ഭാഗത്തുനിന്നും സ്വീകരിക്കുമെന്ന് ആർസിസി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com