തിരുവനന്തപുരം: എൻ. എം. വിജയൻ്റെ കുടുംബവുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഓഡിയോ പുറത്തുവന്ന കാര്യം അറിയില്ലെന്നും, വിജയൻ്റെ മരുമകൾ പത്മജ നേരിൽ കണ്ട് സംസാരിച്ചിരുന്നുവെന്നും, പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാമെന്ന് അറിയിച്ചുവെന്നും തിരുവഞ്ചൂർ പറഞ്ഞു.
വിജയൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷൻ എന്ന നിലയിൽ അവിടെ പോയി, വിശദമായ അന്വേഷണ റിപ്പോർട്ട് കൊടുത്തു. റിപ്പോർട്ടിലെ കാര്യങ്ങൾ പുറത്തു പറയില്ലെന്നും, റിപ്പോർട്ട് പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണെന്നും തിരുവഞ്ചൂർ അറിയിച്ചു.
ആത്മഹത്യകൾ എല്ലാരേയും വേദനിപ്പിക്കുന്നതാണ്. അതിൻ്റെ കാരണങ്ങൾ വിശദമായി പരിശോധിക്കണം. വയനാട് പാർട്ടിക്ക് ഏറ്റവും ശക്തി ഉള്ള സ്ഥലമാണ്. എന്നാൽ നേതാക്കൾക്കിടയിൽ പരസ്പരം ഇഷ്ടം ഇല്ലായ്മയുടെ പ്രശ്നങ്ങൾ ഉണ്ടെന്നും, അത് പരിഹരിച്ചു പോകുന്നത്തിനു ശ്രമങ്ങൾ നടക്കുന്നുവെന്നും ആദ്യ ഘട്ടത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ നൽകിയ നിർദേശങ്ങൾ ഭാഗികമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ കോൺഗ്രസ് ബ്ലോക്കിൽ ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്. ഇക്കാര്യം പാർലമെൻ്ററി പാർട്ടി ലീഡർ സ്പീക്കറെ അറിയിച്ചിട്ടുണ്ട്.
എൻ. എം. വിജയൻ്റെ മരണത്തിന് പിന്നാലെ കരാർ ഉണ്ടാക്കിയെന്ന് തിരുവഞ്ചൂർ പറഞ്ഞു. സെറ്റിൽമെൻ്റ് ഉണ്ടാക്കിയത് പാലിക്കാൻ വേണ്ടിയാണ് എന്നും അല്ലാതെ ചതിക്കാനല്ലെന്നും തിരുവഞ്ചൂർ പറയുന്നത് ഫോൺ സംഭാഷണത്തിലുണ്ട്. ഇപ്പോൾ നേതാക്കൾ സ്വീകരിക്കുന്ന നിലപാടിനോട് ഒരു യോജിപ്പുമില്ല, എന്ന് പറയുന്ന നിർണായക ശബ്ദരേഖ ന്യൂസ് മലയാളം പുറത്തുവിടുന്നു. സിദ്ദീഖ് പറഞ്ഞ ഒരു കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ല. പിന്നെന്തിന് ഈ കാര്യം മാത്രം നടത്താൻ ശ്രമിച്ചതെന്നും തിരുവഞ്ചൂർ ചോദിക്കുന്നുണ്ട്.
ഇപ്പോൾ നടക്കുന്ന തരികിട പണികളോടൊന്നും താൻ യോജിക്കില്ല. പരാതികൾ കൊടുത്താൽ അത് കേൾക്കാൻ തയ്യാറാകണം. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കണമായിരുന്നു. വാക്കു പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നുവെന്നും തിരുവഞ്ചൂർ പറയുന്നു.വിജയൻ്റെ പ്രശ്നം ഇരുചെവി അറിയാതെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപസമിതിയിൽ തന്നെ നിർബന്ധിച്ചു ഉൾപ്പെടുത്തിയതാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഉപസമിതിയിൽപ്പെട്ടു പോയതാണെന്നും സങ്കടത്തോടെ തന്നോട് തിരുവഞ്ചൂർ പറഞ്ഞതായും പത്മജ വെളിപ്പെടുത്തിയിരുന്നു.