

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അറസ്റ്റില്‍ പ്രതികരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ആളല്ലെന്നായിരുന്നു കെ. ജയകുമാറിന്റെ പ്രതികരണം.
എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ണം എന്നല്ല, ശബരിമലയില്‍ നിന്ന് എന്ത് നഷ്ടപ്പെട്ടാലും അയ്യപ്പന്മാര്‍ക്ക് ദുഃഖം തന്നെയാണ്. അതുകൊണ്ടാണ് ഇത്തവണ തിരക്ക് കൂടിയത്.
അറസ്റ്റിനെ കുറിച്ചും കേസിനെ കുറിച്ചും എന്തെങ്കിലും പറയുന്നത് നിയമപരമായി സാധൂകരിക്കപ്പെടുന്നതല്ല. അവനവന് അര്‍ഹതപ്പെട്ടതേ പറയാവൂ. താന്‍ ഒന്നും പറയാനില്ലെന്നും കെ. ജയകുമാര്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത് നിര്‍ണായക നീക്കമാണ് ഇന്ന് എസ്‌ഐടി നടത്തിയത്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയും രാജീവരും അടുത്ത സുഹൃത്തുക്കളാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് തന്ത്രിയാണ്. സ്വര്‍ണ്ണം പൊതിഞ്ഞ പാളിയാണ് എന്ന് അറിയാമായിരുന്നിട്ടും ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പിട്ടുവെന്നും എസ്‌ഐടി പറയുന്നു. പാളികളില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്ന് ആദ്യം പറഞ്ഞതും കണ്ഠരര് രാജീവര് ആയിരുന്നു.
ശബരിമലയിലെയും മറ്റൊരു ക്ഷേത്രത്തിലെയും തന്ത്രി കണ്ഠരര് രാജീവര് ആയിരുന്നു. ഇവിടെ നിന്നുള്ള ബന്ധമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലേക്കുള്ള വഴി തുറന്നുനല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്റെ ജുവല്ലറിയുടെ ഉദ്ഘാടനത്തിന് പ്രത്യേക പൂജ നടത്താനായി പോയതും കണ്ഠരര് രാജീവരുടെ ബന്ധുവും ഇപ്പോഴത്തെ ശബരിമല തന്ത്രിയുമായ കണ്ഠരര് മോഹനര് ആണ്.