
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തെ ഒരു അംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവാദത്തിലായിരിക്കുകയാണ്. അംഗത്തിന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി നടത്തി പരിഹാസത്തെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം അടക്കം നേരിട്ടത്. സോഷ്യല്‍ മീഡിയയിലും മുഖ്യമന്ത്രിയുടെ പ്രയോഗം വിമര്‍ശനം നേരിടുന്നുണ്ട്.
'എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനം ഉണ്ട്. എട്ടുമുക്കാലട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീരശേഷി നോക്കണ്ടെ. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിന് ആക്രമിക്കാന്‍ പോവുകയായിരുന്നു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചു' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ബോഡി ഷെയിമിങ് പരാമര്‍ശമാണെന്നും അത് സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ട്. ഉയരം കുറഞ്ഞ ആളുകളെ മുഖ്യമന്ത്രിക്ക് പുച്ഛമാണോ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചത്. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണം അല്ലെങ്കില്‍ സഭാ രേഖകളില്‍ നിന്ന് പ്രസ്താവന മാറ്റണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുരോഗമനകാരികള്‍ ആണെന്ന് പറയും. എന്നാല്‍ വായില്‍ നിന്ന് വരുന്നത് ഇത്തരം പരാമര്‍ശങ്ങള്‍. ഉയരക്കുറവിനെ കളിയാക്കാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസത്തെ പ്രതിഷേധത്തിന് ശേഷം പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. പ്രതിപക്ഷ പ്രതിഷേധത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി വനിതാ വാച്ച് ആന്റ് വാര്‍ഡിനെ വരെ പ്രതിപക്ഷം ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇതിനിടയിലാണ് എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനം ഉണ്ട് എന്നു പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന പ്രയോഗം.
കണ്ണൂരിലെ ചില ഭാഗങ്ങളില്‍ ഉയരക്കുറവിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രയോഗമാണ് മുക്കാല്‍ അട്ടിവച്ചത് പോലെ എന്നത്. എട്ടുമുക്കാല്‍ എന്നത് പഴയകാല നാണയമാണ്. നാണയങ്ങള്‍ എത്ര അട്ടിവച്ചാലും അതിന് വലിയ ഉയരും തോന്നില്ല എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇത് പിന്നീട് ഉയരക്കുറവിനെ പരിഹസിക്കാനുള്ള ഒരു പ്രയോഗമായി മാറി. ഇതിനു മുമ്പും ചില നാടന്‍ പ്രയോഗങ്ങള്‍ മുഖ്യമന്ത്രി നടത്തിയിട്ടുണ്ടെങ്കിലും നിയമസഭയില്‍ ബോഡിഷെയിമിംഗ് പരാമര്‍ശം നടത്തിയത് മുഖ്യമന്ത്രിയെ വിവാദത്തില്‍ എത്തിച്ചിരിക്കുകയാണ്.