തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റിന് അഴിമതിയുടെ മണമാണെന്ന് ടി.എം. തോമസ് ഐസക്ക്. ബജറ്റിൽ അഴിമതി ആരോപിക്കുന്നില്ലെന്നും പക്ഷേ, അതിൽ അഴിമതിയുടെ മണമുണ്ടെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു.
തോമസ് ഐസക്കിൻ്റെ വാക്കുകൾ
ബജറ്റിൽ ഞാൻ അഴിമതി ആരോപിക്കുന്നില്ല. പക്ഷേ, അതിന്റെ ഒരു മണമുണ്ട്. പ്രത്യേകിച്ചൊരു കാരണവും പറയാതെ വീര്യം കുറഞ്ഞ ബിയറോ വൈനോ അല്ലാത്തത് (ലോ ആൾക്കഹോളിക് ബിവറേജ്) ഉൽപ്പാദിപ്പിക്കുന്ന കോർപ്പറേറ്റ് കമ്പനികൾക്ക് കേരളത്തിന്റെ മാർക്കറ്റ് തുറന്നുകൊടുത്തിരിക്കുകയാണ്.
കഴിഞ്ഞ സർക്കാർ കൃഷിക്കാരന്റെ വൈൻ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹോർട്ടി വൈൻ എന്ന പ്രത്യേക വിഭാഗം സൃഷ്ടിച്ചു. ഇവയുടെ മേലുള്ള നികുതി 86 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തു. ഇത്തരം വൈനുകൾക്ക് 15.5 ശതമാനത്തിൽ താഴെയാണ് വീര്യമുണ്ടാവുക. ബർക്കാഡി കമ്പനി ഈ ആനുകൂല്യം തങ്ങളുടെ വീര്യം കുറഞ്ഞ ഉൽപന്നങ്ങൾക്കും (ലോ ആൾക്കഹോളിക് ബിവറേജ്) വേണമെന്നു പറഞ്ഞ് സമീപിച്ചിരുന്നു. എന്നാൽ ജി.എസ്.ടി കമ്മീഷണർ അവരുടെ അപേക്ഷ നിരസിച്ചു.
ഹോർട്ടി വൈൻ ഒരു പ്രത്യേക കാറ്റഗറിയാണെന്നും ലോ ആൾക്കഹോളിക് ബിവറേജസിന് കേരളത്തിൽ നികുതി നിശ്ചയിച്ചിട്ടില്ലായെന്നതുമായിരുന്നു പറഞ്ഞ കാരണം. ഇന്നിപ്പോൾ ബജറ്റ് പ്രസംഗത്തിലെ ഖണ്ഡിക 309-ൽ കോർപ്പറേറ്റ് മദ്യ കമ്പനിക്കാരുടെ ആവശ്യം അംഗീകരിച്ച് കൊടുത്തിരിക്കുകയാണ്. 10 ശതമാനത്തിൽ താഴെ വീര്യമുള്ള മദ്യത്തിന് 120 ശതമാനം വിൽപ്പന നികുതി നിരക്കും 10-നും 20-നും ഇടയ്ക്ക് വീര്യമുള്ളവയ്ക്ക് 175 ശതമാനം വിൽപ്പന നികുതി നിരക്കുമായി നിശ്ചയിച്ചിരിക്കുകയാണ്. ഇത് മദ്യ കമ്പനികളെ സഹായിക്കാനുള്ള വ്യക്തമായ നീക്കമാണ്. അഴിമതി മണക്കുന്നു.
ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതിന്റെ അടിസ്ഥാനം ബജറ്റ് പ്രസംഗത്തിലെ ഖണ്ഡിക 307 ആണ്. അതിൽ ഇടതു സർക്കാർ വിദേശമദ്യ ചട്ടങ്ങളിൽ ലോ ആൾക്കഹോളിക് ബിവറേജസ് എന്നൊരു പ്രത്യേക വിഭാഗം കൊണ്ടുവന്നൂവെന്നും 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ള ബിയർ, വൈൻ ഒഴികെയുള്ള മദ്യ ഉല്പന്നങ്ങളെ ഇതിൽ ഉൾപ്പെടുത്തിയെന്നും പറഞ്ഞിരിക്കുന്നു. ഇത് തികച്ചും തെറ്റിദ്ധാരണാജനകമാണ്.
ഹോർട്ടി വൈൻ ഒരു പ്രത്യേക കാറ്റഗറിയായി നിശ്ചയിക്കുകയാണ് ചെയ്തത്. അതിന്റെ വീര്യമാകട്ടെ 15.5 ശതമാനത്തിൽ താഴെയും. കൃഷിക്കാരെ സഹായിക്കാൻ കൊണ്ടുവന്ന ഈ നടപടി 1000 കോടി രൂപയുടെയെങ്കിലും കോർപ്പറേറ്റ് വിൽപ്പനയായി മാറ്റുന്ന ഈ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കണം. (ആദ്യത്തെ കമന്റിൽ തന്നെ നിലവിലുള്ള മദ്യവിൽപ്പന ചട്ടങ്ങളിലെ പ്രസക്തമായ ഭാഗങ്ങൾ കൊടുത്തിട്ടുണ്ട്)