

യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ വിമർശനവുമായി മുൻമന്ത്രി തോമസ് ഐസക്ക്. ധവള പത്രം വായിച്ചതോടെ ഒരു ഇന്ദിരാ ഗ്യാരണ്ടിയും കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നില്ലെന്ന് ഉറപ്പായതായി തോമസ് ഐസക്ക് പറഞ്ഞു.
ഇതോടെ പശ്ചാത്തല വികസന കുതിപ്പിന് കടിഞ്ഞാൺ വീഴും. ക്ഷേമപെൻഷൻ ഇനി വീട്ടിൽ കൊണ്ടുവന്നു തരില്ല, ക്ഷേമ പദ്ധതികൾ പലതും അവതാളത്തിലാകും. പൊതുമേഖല സ്ഥാപനങ്ങൾ പലതും പൂട്ടും. കേരളം വലിയ തിരിച്ചുപോക്കിന് സാക്ഷ്യം വഹിക്കാൻ പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ധവള പത്രത്തിലെ വിശകലനം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയാണെന്ന് കാണിക്കുവാനാണ്. കേന്ദ്രം കുടിശ്ശിക നൽകാൻ ഉള്ളത് തെറ്റാണെന്ന് എന്താണ് പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിനെതിരായി ഒരു വാചകവും ഇല്ല. ചില പരാമർശങ്ങൾ ഉണ്ടെന്നല്ലാതെ ഒരു നയം ഉണ്ടോ. കേന്ദ്രത്തിൻ്റെ അനീതിയും ബിജെപി നയവും പറയുന്നില്ല. കിഫ്ബിയെ സംബന്ധിച്ച കേന്ദ്രസർക്കാർ നയം പിന്താങ്ങുകയാണ് ഇവിടെയെന്നും അദ്ദേഹം ആരോപിച്ചു.
പശ്ചാത്തല വികസനം ക്ഷേമ പ്രവർത്തനം നൽകും പോലെയല്ല. കണ്ണൂരിൽ ഏറ്റവും കൂടുതൽ തുക നൽകിയെന്ന് പറയുമ്പോൾ അവിടെ ഒരു എയർപോർട്ട് വന്നു. വിമാനത്താവളത്തിൻ്റെ ഭൂമി ഏറ്റെടുക്കാൻ ഉൾപ്പെടെയാണ് തുക വിനിയോഗിച്ചതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. പെൻഷൻ പ്രായം വർധിപ്പിക്കുന്നത് യുവജന സംഘടനകളെ വിളിച്ചു ചേർത്ത് ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.