കോഴിക്കോട്: കെഎസ്‌യു നേതാവിൻ്റെ വീട്ടിൽ റീത്ത് വച്ച് ഭീഷണി. വടകര ചോറോട് സ്വദേശി കാർത്തിക്കിൻ്റെ വീടിൻ്റെ വരാന്തയിലാണ് റീത്ത് കണ്ടെത്തിയത്. കെഎസ്‌യു വടകര നിയോജക മണ്ഡലം പ്രസിഡന്റാണ് കാർത്തിക്ക്. റീത്തിൽ ആദാരാഞ്ജലികൾ ഫാദർ ആൻ്റ് സൺ എന്നാണ് എഴുതിയിക്കുന്നത്. സംഭവത്തിൽ വടകര പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നേരത്തെ കെഎസ്‌യു നേതാവ് ബിതുൽ ബാലന്റെ വീട്ടിൽ ബോംബറിഞ്ഞ സംഭവത്തിൽ വടകരയിലെ പ്രതിഷേധത്തിന് കാർത്തിക്ക് നേതൃത്വം നൽകിയിരുന്നു.
അതേസമയം, ആളില്ലാത്ത സമയം നോക്കി റീത്ത് കൊണ്ട് വെച്ച ഭീരുക്കൾ ആരെന്ന് എല്ലാവർക്കും മനസിലാവുമെന്ന് കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് പറഞ്ഞു. സിപിഐഎം-ഡിവൈഎഫ്ഐ ക്രിമിനൽ സംഘമാണ് ഇതിന് പിന്നിൽ. ബിതുൽ ബാലന്റെ വീട്ടിൽ ബോംബെറിഞ്ഞവർ തന്നെയാണ് റീത്ത് വച്ചത്. സിപിഐഎം വടകര മേഖലയിൽ ആസൂത്രിതമായ കലാപത്തിന് ശ്രമിക്കുകയാണ് ഇവർ. കോൺഗ്രസ് പ്രവർത്തകർക്കും വീടിനും കുടുംബത്തിനും കെഎസ്‌യുവും പാർട്ടിയും സംരക്ഷണം ഒരുക്കും. സിപിഐഎം നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സൂരജിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കെ.എസ്.യു വടകര നിയോജക മണ്ഡലം പ്രസിഡന്റ് കാർത്തിക്കിന്റെ വീട്ടിൽ ആളില്ലാത്ത സമയം നോക്കി റീത്ത് കൊണ്ട് വെച്ച ഭീരുക്കൾ ആരെന്ന് എല്ലാവർക്കും മനസിലാവും. രണ്ടു ദിവസം മുൻപ് കെ.എസ്.യൂ ജില്ലാ സെക്രട്ടറി ബിതുലിന്റെ വീട്ടിൽ ബോംബെറിഞ്ഞ് മതാപിതാക്കളെ അപായപ്പെടുത്താൻ ശ്രമിച്ച അതെ സി.പി.ഐ.എം - ഡി.വൈ.എഫ്.ഐ ക്രിമിനൽ സംഘമാണ് ഇതിന് പിന്നിലും.
വീടിന് മുന്നിൽ റീത്ത് കൊണ്ട് വെച്ച് കെ.എസ്.യൂ നിയോജക മണ്ഡലം പ്രസിഡന്റായ കാർത്തിക്കിനും ഗ്രാമ പഞ്ചായത്ത് അംഗമായ അച്ഛനും ആദരാഞ്ജലികൾ എന്ന് എഴുതിവെച്ച് തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന വരെ കൊന്നുകളയുമെന്ന് മുന്നറിയിപ്പ് നൽകി സമാധാനത്തോടെ ജീവിക്കുന്ന വടകര മേഖലയിൽ ആസൂത്രിതമായ കലാപത്തിന് ശ്രമിക്കുകയാണ് സി.പി.ഐ.എം.
കെ.എസ്.യൂ നേതാക്കളുടെ വീട്ടിൽ ബോംബെറിഞ്ഞും റീത്ത് വെച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെ വധ ഭീഷണി മുഴക്കിയും നാട്ടിലും ജനങ്ങളിലും ഭീതി പടർത്തി കലാപത്തിന് ആഹ്വനം നടത്തുന്ന സി.പി.ഐ.എം നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രവർത്തകർക്കും വീടിനും കുടുംബത്തിനും കെ.എസ്.യൂ വും പാർട്ടിയും സംരക്ഷണം ഒരുക്കും. ഭയപ്പെടുത്തി നിശബ്ദരക്കാമെന്നു കരുതുന്നവർക്ക് മുന്നിൽ മുഷ്ടി ചുരുട്ടി മുദ്രവാക്യം ഉയർത്തി പാർട്ടി പ്രതിരോധത്തിന്റെ കോട്ട തീർക്കും.