
കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. താമരശ്ശേരി ഡിവൈഎസ്പി സുഷീറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇതോടെ തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി.
യുവാവിനെ തട്ടിക്കൊണ്ടു പോയ കാറിൻ്റെ ഉടമകളായ മലപ്പുറം മൊറയൂർ സ്വദേശി എം. അബ്ദുൽ ഹക്കീം, സഹോദരൻ എം. മുനീർ, സംഘത്തിന് കാർ കൈമാറിയ കീഴ്‌ശ്ശേരി സ്വദേശി മുഹമ്മദ് ഷരീഫ് എന്നിവരാണ് അറസ്റ്റിലായത്.
മെയ് 17ന് വൈകിട്ട് നാലോടെയാണ്, ആയുധങ്ങളുമായി കാറിലെത്തിയ സംഘം മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിൽ നിന്ന് അന്നൂസ് റോഷനെ തട്ടിക്കൊണ്ടുപോയത്. യുവാവിനായി മലപ്പുറം, വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. പൊലീസ് അന്വേഷണം ഊർജിതമായതോടെ സംഘം അന്നൂസിനെക്കൊണ്ട് കർണാടകയിലേക്ക് കടക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രത്യേക അന്വേഷണ സംഘം മലപ്പുറത്തു നിന്ന് യുവാവിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം അന്നൂസിനെ ഉപേക്ഷിക്കുകയായിരുന്നു.
തട്ടിക്കൊണ്ടു പോയ സംഘം തന്നെ ഉപദ്രവിച്ചിട്ടില്ലെന്നാണ് അന്നൂസ് മാധ്യമങ്ങളോട് പറഞ്ഞത്. മൈസൂരുവില്‍ ഒരു സ്ഥലത്താണ് താമസിപ്പിച്ചത്. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. കാറിലാണ് തന്നെ തിരിച്ചെത്തിച്ചത്. രണ്ടു പേരാണ് കാറിലുണ്ടായിരുന്നതെന്നുമാണ് അന്നൂസ് റോഷന്‍ പറഞ്ഞത്. വിദേശത്തുള്ള സഹോദരൻ അജ്‌മൽ റോഷനുമായി സാമ്പത്തിക ഇടപാട് നടത്തിയവരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് അന്നൂസിന്റെ മാതാവ് ഉള്‍പ്പെടെയുള്ളവരുടെ ആരോപണം.