

കോടികൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും തുറന്ന് പ്രവർത്തിക്കാനാകാതെ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആർട്‌സ് കോളേജ് കെട്ടിടം. പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് എത്തിച്ചേരാൻ വഴിയില്ലാത്തതാണ് കോളേജ് മാറ്റം വൈകുന്നത്. പരിമിതമായ സൗകര്യങ്ങളിൽ കോളേജ് പ്രവർത്തിക്കുമ്പോഴാണ്, സർക്കാർ അനാസ്ഥ കാരണം കോടികൾ മുടക്കി നിർമിച്ച കെട്ടിടവും പരിസരവും കാടുകയറി കിടക്കുന്നത്.
തൃപ്പൂണിത്തുറ ഗവ. ആർട്‌സ് കോളേജിനായി 2020ലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. 14 കോടി രൂപ ചെലവഴിച്ച് കിഫ്ബി പദ്ധതി പ്രകാരമായിരുന്നു കെട്ടിട നിർമാണം. 90 ഏക്കറിലായി വിവിധ ബ്ലോക്കുകളുള്ള ബഹുനില കെട്ടിടമാണ് ഇവിടെ പണികഴിപ്പിച്ചത്. 2023ൽ കെട്ടിട നിർമാണം പൂർത്തിയായി. എന്നാൽ നാളിതുവരെയായിട്ടും കോളേജിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സാധിച്ചിട്ടില്ല.
60 വിദ്യാർഥികൾക്ക് ഇരുന്നു പഠിക്കാൻ സാധിക്കുന്ന ക്ലാസ്സ് മുറികൾ അടക്കം, യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. എന്നാൽ കോളേജിലേക്ക് എത്തിച്ചേരാൻ വഴിയില്ലാതെ വന്നതോടെ കെട്ടിടം കാട് പിടിച്ചു കിടക്കാൻ തുടങ്ങി.
സർക്കാർ അനാസ്ഥയും ഭൂമാഫിയയുമാണ് പദ്ധതി പെരുവഴിയിലാകാൻ കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. വഴിയില്ലാത്ത കോളേജ് കെട്ടിടത്തിലേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകളും ലഭിക്കാതായി. പരിമിതമായ സാഹചര്യത്തിൽ കോളേജ് പ്രവർത്തിക്കുമ്പോഴാണ് ഈ ദുരവസ്ഥ. നാല് ബിരുദ കോഴ്‌സിലും മൂന്ന് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലുമായി 500 ഓളം വിദ്യാർഥികളാണ് കോളേജിലുള്ളത്.