തൃശൂർ: സമുദ്രങ്ങളിലെ മായക്കാഴ്ചകളും ജീവജാലങ്ങളെയും ഒരുപക്ഷേ അധികമാളുകൾ കണ്ടിട്ടുണ്ടാവില്ല. കടലിനുള്ളിലേക്കിറങ്ങി അത് കാണാൻ പലർക്കും സാധിക്കില്ലായിരിക്കാം. എന്നാൽ, തൃശൂർ ചാവക്കാട് എത്തിയാൽ കരയിൽ നിന്ന് തന്നെ ഈ അത്ഭുത കാഴ്ചകൾ കാണാനാകും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അക്വേറിയങ്ങളിൽ ഒന്നായ മറൈൻ വേൾഡിലാണ് ഈ വിസ്മയ കാഴ്ചകൾ.
കണ്ടിട്ടും കേട്ടിട്ടും പോലുമില്ലാത്ത നാനാവിധ മത്സ്യങ്ങൾ. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ജീവിക്കുന്ന ഒട്ടേറെ ജീവികൾ. നമ്മൾ കണ്ട് ശീലിച്ച അക്വേറിയങ്ങളിലെ കാഴ്ചകൾ അല്ല ചാവക്കാട് മറൈൻ വേൾഡിൽ എത്തിയാൽ കാണാനാവുക. 300ലധികം ഇനങ്ങളിൽ പെട്ട ഒരു ലക്ഷത്തിലധികം മത്സ്യങ്ങൾ.
ചാവക്കാട് പഞ്ചവടിയിലെ കടൽത്തീരത്തോട് ചേർന്ന് അഞ്ച് ഏക്കറിലേറെയുള്ള വിശാലമായ സ്ഥലത്താണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അക്വേറിയങ്ങളിൽ ഒന്നായ മറൈൻ വേൾഡ് ഒരുക്കിയിരിക്കുന്നത്. ഒരു കൂട്ടം പ്രവാസികൾ ചേർന്ന് നടത്തുന്ന സംരംഭം അഞ്ചുവർഷം പിന്നിടുന്നു. വേറിട്ട മത്സ്യങ്ങളുടെ വൻ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സമുദ്രങ്ങളിലെയും ജലാശയങ്ങളിലെയും അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ചതാണ് . കാർ അക്വേറിയം, ടണൽ അക്വേറിയം, സിലിണ്ടർ അക്വേറിയം തുടങ്ങിയ വേറിട്ട രീതികളിലും ഇവിടെ മത്സ്യങ്ങളെ പരിപാലിച്ചു വരുന്നു.
പ്രത്യേകം പരിശീലനം നേടിയവരാണ് മുഴുവൻ സമയവും ഇവിടെ മത്സ്യങ്ങളെ നിരീക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നത്. കേരളത്തിൽ തന്നെ പല സ്ഥലങ്ങളിലും അക്വേറിയങ്ങളും വേറിട്ട മത്സ്യങ്ങളും ഉണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമാണ് മറൈൻ വേൾഡിലെ കാഴ്ചകൾ എന്ന് പറയാതിരിക്കാൻ ആവില്ല. എല്ലാ ദിവസവും പൊതുജനങ്ങൾക്കായി തുറന്നു പ്രവർത്തിക്കുന്ന മറൈൻ വേൾഡിൽ ദിവസേന ആയിരക്കണക്കിനാളുകളാണ് എത്തുന്നത്.