തൃശൂർ: അതിജീവിതയ്ക്കെതിരായ അപവാദപ്രചരണക്കേസിൽ പ്രതികരണവുമായി തൃശൂർ കമ്മീഷണർ നകുൽ രാജ് ദേശ്‌മുഖ്. മാർട്ടിന്റെ പേരിൽ പുറത്തിറങ്ങിയ വീഡിയോയ്ക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി. മാർട്ടിനെ ജയിലിൽ എത്തി ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും രാജ് ദേശ്‌മുഖ് വ്യക്തമാക്കി.
കേസിലെ രണ്ടാംപ്രതി മാർട്ടിൻ അടക്കമുള്ളവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 127 സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതായി കമ്മീഷണർ നകുൽ രാജ് ദേശ്‌മുഖ് വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും അപവാദപ്രചരണ കണ്ടെന്റുകൾ നീക്കം ചെയ്യണം. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെന്നും കമ്മീഷണർ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കെതിരെ തുടർച്ചയായി സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചരണത്തിനെതിരെ കർശന നടപടി സ്വീകരിച്ചു മുന്നോട്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം. അതിജീവിത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അതിവേഗ നടപടി.
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തി പരാമർശങ്ങൾ അടങ്ങുന്ന വീഡിയോ പ്രചരിപ്പിച്ച, നടിയെ ആക്രമിച്ച കേസിലെ രണ്ടാംപ്രതി മാർട്ടിൻ അടക്കമുള്ളവർക്കെതിരെ ഐടി ആക്ട് 67, 72, 75 തുടങ്ങിയ വകുപ്പുകൾ പ്രകാരം ജാമ്യമില്ല കുറ്റം ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ലൈംഗിക അധിക്ഷേപം, അപകീർത്തിപ്പെടുത്തൽ, ഇലക്ട്രോണിക്സ് മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
തൃശൂർ സൈബർ പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോകളും അപവാദ പ്രചാരണങ്ങളും ഒഴിവാക്കാൻ അന്വേഷണ സംഘം ഇതിനോടകം തന്നെ യൂട്യൂബ് , ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അതിജീവിതയും ബന്ധുവും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 27 വ്യക്തികൾക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും അതിജീവതയെ അപകീർത്തിപ്പെടുത്തുന്ന ലിങ്കുകൾ റിമൂവ് ചെയ്യണമെന്ന് കാട്ടിയാണ് നോട്ടീസ്.
അതേസമയം സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കും അപവാദ പ്രചരണങ്ങൾക്കും എതിരെ കർശന മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായി കേസിനെ അടിസ്ഥാനമാക്കി ശക്തമായ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിൻറെ ഭാഗമായി അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിൽ കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.