തൃശൂർ: വോട്ട് കൊള്ള ആരോപണത്തെ തുടർന്ന് കോൺഗ്രസ് നേതാവ് ടി. എൻ. പ്രതാപൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുമെന്ന് തൃശൂർ കമ്മീഷണർ ആർ.ഇളങ്കോ ന്യൂസ് മലയാളത്തോട് പറഞ്ഞു.ജില്ലാ വരണാധികാരിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനും നിയമപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ തൃശൂർ എസിപിയെ ചുമതലപ്പെടുത്തി. നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കും. ഇലക്ഷൻ സംബന്ധിച്ച പരാതി ആയതിനാൽ നിരവധി പ്രൊസീജിയറുകൾ പാലിക്കാൻ ഉണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.
തൃശൂരിലെ വോട്ട് കൊള്ള ആരോപണത്തെ തുടർന്ന് കോൺഗ്രസ് നേതാക്കൾ തൃശൂർ സിറ്റി കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടിയെടുത്തിരിക്കുന്നത്.
സുരേഷ് ഗോപിയുടെ സഹോദരനുള്ളത് ഇരട്ട വോട്ടാണ്. ഇരട്ട വോട്ട് ക്രിമിനൽ ഗൂഢാലോചന പ്രകാരമുള്ള കുറ്റമാണ്. അത്തരമൊരു ഗൂഢാലോചനക്ക് നേതൃത്വം കൊടുത്ത ആളാണ് സുരേഷ് ഗോപി. ഗൂഢാലോചനയിൽ സംഘപരിവാറിൻ്റെ ആളുകളെയും കുടുംബാംഗങ്ങളെയും സുരേഷ് ഗോപി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരട്ട വോട്ടുകൾ സഹിതം ഉള്ള ക്രമക്കേടുകൾക്കെതിരെ കോടതിയിലും ഇലക്ഷൻ കമ്മീഷനിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ടി. എൻ. പ്രതാപൻ പറഞ്ഞിരുന്നു.