

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് രാസലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കുകയും കുഴൽപ്പണ ഇടപാടിന് ഉപയോഗിക്കുകയും ചെയ്തെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പുതുക്കാട് കല്ലൂർ സ്വദേശികളായ സഹോദരങ്ങൾ അമൽ കൃഷ്ണ, അതുൽ കൃഷ്ണ എന്നിവരും പ്രായപൂർത്തിയാകാത്ത ഇവരുടെ സുഹൃത്തുമാണ് പിടിയിലായത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച്, അമലും പ്രായപൂർത്തിയാവാത്ത സുഹൃത്തുമാണ് 2023 മുതൽ കുട്ടിയെ പീഡനത്തിന് ഇരായാക്കിയത്.
പ്രതികൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്തെന്നും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. കുട്ടിക്ക് ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി, വയനാട്ടിലെത്തിച്ച് കുഴൽപ്പണ ഇടപാടിന് ഉപയോഗിച്ചു എന്നതാണ് അതുൽ കൃഷ്ണക്കെതിരെയുള്ള കേസ്. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ പെൺകുട്ടിയെ കുഴൽപ്പണ ഇടപാടിനായി ഉപയോഗിച്ചു എന്നതാണ് തൃശൂർ റൂറൽ പൊലീസിന്റെ കണ്ടെത്തൽ.
പീഡനത്തിന് ഇരയായ പെൺകുട്ടിയും അമ്മയും ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക ചൂഷണത്തിനും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്കും ഉപയോഗിച്ചെന്ന ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളത്.