സമ്പല്‍സമൃദ്ധിയുടേയും പ്രതീക്ഷയുടേയും പുതുവര്‍ഷമാണ് മലയാളികള്‍ക്ക് ചിങ്ങമാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതിരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. കാര്‍ഷിക സമൃദ്ധിയിലൂന്നിയ കേരളക്കരയ്ക്ക് ഇത് കര്‍ഷക ദിനം കൂടിയാണ്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷമാക്കുന്നതിനുള്ള കർഷകദിനം കൂടിയാണ് ഇന്ന്. ഓരോ കർഷകർക്കും പ്രതീക്ഷയും പ്രത്യാശയും പകരുന്ന ദിനം.
മലയാളികൾക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കൊയ്ത്തുത്സവത്തെകുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ്. പാടത്ത് വിളഞ്ഞ പൊൻകതിരുകളെ വീട്ടിലെത്തിച്ച് പത്തായങ്ങളിൽ നിറച്ചിരുന്ന സമ്പന്ന മാസമായിരുന്നു പഴമക്കാർക്ക് ചിങ്ങമാസം. കെടുതിയുടെയും വറുതിയുടെയും കാലത്തിൽ നിന്ന് പ്രതീക്ഷയിലേക്കുള്ള കാൽവെയ്പ്പ്. നമ്മുടെ നാടിൻ്റെ നട്ടെല്ലാണ് കർഷകരെന്ന് പറയാം.
കള്ളക്കര്‍ക്കടകത്തിന്റെ കാറും കാറ്റുമകന്ന പ്രകൃതി. തിരിമുറിയാതെ മഴപെയ്തിരുന്ന കര്‍ക്കടകത്തിന്റെ ദുരിതങ്ങള്‍ മലയാളികള്‍ മറക്കാന്‍ തുടങ്ങുകയാണ്. കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലുണ്ട്. അങ്ങനെ അറുതിയും, വറുതിയും വഴിമാറി ഒരു ചിങ്ങം കൂടി പിറന്നിരിക്കുന്നു.
ചിങ്ങം എത്തുമ്പോള്‍ മലയാളിയുടെ പ്രതീക്ഷകള്‍ വാനോളമാണ്. ഓണക്കാലത്തിന്റെ ഗൃഹാതുരമായ ഓർമകളാണ് ഓരോ മലയാളികളുടെയും മനസ്സിൽ ആദ്യം ഓടിയെത്തുക. മുറ്റത്ത് പൂക്കളവും ഊഞ്ഞാലാട്ടവും കൈകൊട്ടിക്കളയും ഓണസദ്യയുമെല്ലാം മലയാളികളുടെ മനസ്സിൽ ഓർമകളുടെ തിരയിളക്കം സൃഷ്ടിക്കും. പഞ്ഞമാസം ഒഴിഞ്ഞതോടെ കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലോടെ ചിങ്ങപ്പുലരി വന്നെത്തിക്കഴിഞ്ഞു.
കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ശ്രേഷ്ഠമായ കാര്‍ഷിക സംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന മലയാളിക്കിത് കര്‍ഷക ദിനം കൂടിയാണ്. എന്നാല്‍ എല്ലുമുറിയെ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം. കര്‍ഷക ദിനാചരണമെല്ലാം ഇന്ന് കേവലം അവാര്‍ഡുകളില്‍ മാത്രമായി ചുരുങ്ങുകയാണ് എന്നാണ് കര്‍ഷകരുടെ പരാതി.
വെള്ളത്തില്‍ മുങ്ങിക്കിടന്ന പാടങ്ങള്‍ കൃഷിക്കായൊരുക്കി വിത്തുവിതയ്ക്കാന്‍ പാകപ്പെടുത്തുകയാണ് കര്‍ഷകര്‍. കൃഷിയില്‍ സമ്പന്നത വിളഞ്ഞു നിന്നിരുന്ന ആ പഴയ നാളുകള്‍ തിരികെ വരുമെന്ന പ്രതീക്ഷയൊന്നും ഇപ്പോള്‍ ഇല്ല. കൃഷി കേരളത്തിന് അന്യമാകുന്ന കാലം വന്നുകൂടാ എന്ന ആഗ്രഹം മാത്രം.
ചിങ്ങം എത്തുമ്പോള്‍ മലയാളിയുടെ പ്രതീക്ഷകള്‍ വാനോളമാണ്. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലും.. ഇനി ഓണ നാളുകള്‍ക്കായുള്ള കാത്തിരിപ്പാണ്.