"ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു മുള്‍ത്തേനായ്‌ച്ചേരുന്നു ചിത്തതാരില്‍"; ഇന്ന് ലോക മാതൃഭാഷാ ദിനം

മാതൃഭാഷ വെറുമൊരു വിനിമയ ഉപാധിയല്ല, മറിച്ച് നമ്മുടെ ആത്മാവിന്റെ ശബ്ദമാണ്
"ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു മുള്‍ത്തേനായ്‌ച്ചേരുന്നു  ചിത്തതാരില്‍"; ഇന്ന് ലോക മാതൃഭാഷാ ദിനം
Published on
Updated on

ഇന്ന് ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം. നമ്മൾ കാണുന്നതിനേക്കാൾ വലിയ ആഴമുണ്ട് ഈ ദിനത്തിന്. അത് കേവലം ഒരു ആഘോഷമല്ല, മറിച്ച് അടിച്ചമർത്തലുകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് നടത്തിയ ഒരു വിപ്ലവത്തിന്റെ ഓമപ്പെടുത്തലാണ്. നമ്മൾ ഇന്ന് സംസാരിക്കുന്ന ഓരോ വാക്കിനും പിന്നിൽ ഒരു വലിയ സമരചരിത്രമുണ്ട്.

വർഷം 1952.. അന്നത്തെ കിഴക്കൻ പാകിസ്ഥാനിൽ അതായത്, ഇന്നത്തെ ബംഗ്ലാദേശിൽ, അവിടുത്തെ ജനതയുടെ മാതൃഭാഷയായ ബംഗാളിയെ തഴഞ്ഞ് ഉർദു അടിച്ചേൽപ്പിക്കാൻ ഭരണകൂടം ശ്രമിച്ചു. അതിനെതിരെ തെരുവിലിറങ്ങിയത് ഒരു കൂട്ടം വിദ്യാർത്ഥികളും യുവാക്കളുമാണ്. സലാം, ബർക്കത്ത്, റഫീഖ്, ജബ്ബാർ. സ്വന്തം ഭാഷയ്ക്ക് വേണ്ടി നെഞ്ചുവിരിച്ചു നിന്ന് വെടിയുണ്ടകളെ ഏറ്റുവാങ്ങിയ രക്തസാക്ഷികളാണ് ഇവർ.

ഒരു മനുഷ്യനിൽ നിന്ന് അവന്റെ ഭാഷ ഇല്ലാതാക്കുക എന്നാൽ അവന്റെ സംസ്കാരത്തെയും അസ്തിത്വത്തെയും ഇല്ലാതാക്കുക എന്നാണ് അർഥം. നമ്മൾ സ്വപ്നം കാണുന്നത് മാതൃഭാഷയിലാണ്, നമ്മൾ സ്നേഹിക്കുന്നത് മാതൃഭാഷയിലാണ്, നമ്മൾ ആദ്യമായി അമ്മ എന്ന് വിളിക്കുന്നത് മാതൃഭാഷയിലാണ്. അത് വെറുമൊരു വിനിമയ ഉപാധിയല്ല, മറിച്ച് നമ്മുടെ ആത്മാവിന്റെ ശബ്ദമാണ്. ലോകത്ത് മാതൃഭാഷയ്ക്ക് വേണ്ടി ചോര ചിന്തിയ ആ ജനതയുടെ പോരാട്ടവീര്യമാണ്, യുനെസ്കോയെക്കൊണ്ട് ഈ ദിവസം ലോക മാതൃഭാഷാദിനമായി പ്രഖ്യാപിപ്പിച്ചത്.

പുതിയ കാലത്ത്, അധിനിവേശങ്ങൾ തോക്കുകൾ കൊണ്ടല്ല, മറിച്ച് സാംസ്കാരികമായിട്ടാണ് നടക്കുന്നത്. അന്യഭാഷകളെ നമ്മൾ ബഹുമാനിക്കണം, പഠിക്കണം. എന്നാൽ അത് സ്വന്തം മാതൃഭാഷയെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്. വേരുകൾ അറുത്തുമാറ്റപ്പെട്ട മരത്തിന് അധികകാലം നിലനിൽപ്പില്ല. അതുപോലെ തന്നെയാണ് മാതൃഭാഷ മറക്കുന്ന ഒരു ജനതയ്ക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്നത്.

ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് നെൽസൺ മണ്ടേല പറഞ്ഞ ഒരു വാചകമുണ്ട്. നിങ്ങൾ ഒരു മനുഷ്യനോട് അയാൾക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിച്ചാൽ, അത് അയാളുടെ തലയിലെത്തും. എന്നാൽ നിങ്ങൾ അയാളോട് അയാളുടെ മാതൃഭാഷയിൽ സംസാരിച്ചാൽ, അത് അയാളുടെ ഹൃദയത്തിലെത്തും.

"ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു മുള്‍ത്തേനായ്‌ച്ചേരുന്നു  ചിത്തതാരില്‍"; ഇന്ന് ലോക മാതൃഭാഷാ ദിനം
തുടരാൻ കേന്ദ്രാനുമതി ഇല്ല; ഇടുക്കിയിലെ അതിവേഗ പോക്സോ കോടതികൾ പ്രവർത്തനം അവസാനിപ്പിച്ചേക്കും

അതുകൊണ്ട്, ഈ ദിനത്തിൽ നമുക്ക് ഉറച്ചു തീരുമാനിക്കാം, നമ്മുടെ ഭാഷയിൽ നാം അഭിമാനത്തോടെ സംസാരിക്കും, അത് വരുംതലമുറയ്ക്ക് പകർന്നു നൽകും. നമ്മുടെ സംസ്കാരത്തിലൂടെ, നമ്മുടെ കലകളിലൂടെ, നമ്മുടെ സാഹിത്യസൃഷ്ടികളിലൂടെ മാതൃഭാഷയുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com