മലയാള ചുണ്ടിൽ മലരോണപ്പാട്ട്...! ഇന്ന് തിരുവോണം, ആഘോഷമാക്കാന്‍ മലയാളികള്‍

മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷം
മലയാള ചുണ്ടിൽ മലരോണപ്പാട്ട്...! ഇന്ന് തിരുവോണം, ആഘോഷമാക്കാന്‍ മലയാളികള്‍
Published on
Updated on

ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓർമപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. സുവർണ കാലത്തെ ഹൃദയത്തോട് ചേർത്താണ് ഓരോ മലയാളിയും പൊന്നോണത്തെ വരവേൽക്കുന്നത്. കള്ളവും ചതിയുമില്ലാതെ ഒരു കാലത്തിന്റെ ഓർമ പുതുക്കുന്ന ദിനം. പുതുവസ്ത്രങ്ങൾ അണിഞ്ഞ്, കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്റെ നിറസ്മരണകളും സന്തോഷവും പങ്കുവയ്‌ക്കുന്നു.

പാടത്തും പറമ്പിലും സ്വർണം വിളയിക്കുന്ന കർഷകർക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. കൃഷിയും കാർഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങൾക്ക് പൊലിമ ഒട്ടും കുറവില്ല. ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഓണം എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ തന്നെയാണ്. അത്തം നാളിൽ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂർണതയിലെത്തുന്നത്.

മലയാള ചുണ്ടിൽ മലരോണപ്പാട്ട്...! ഇന്ന് തിരുവോണം, ആഘോഷമാക്കാന്‍ മലയാളികള്‍
മലയാളികൾക്ക് കേന്ദ്രത്തിന്റെ ഓണസമ്മാനം, സംസ്ഥാനത്തിൻ്റെ പേര് ഇനി 'കേരളം'; വിജ്ഞാപനമിറക്കി

കാർഷികസംസ്‌കാരത്തിന്റെ വിളവെടുപ്പുൽസവമായ ഓണത്തിന് മാവേലിയുടെ ഐതിഹ്യം മാറ്റ് കൂട്ടുന്നു. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലായി അത് മാറുന്നു. നാടിന് നന്മ മാത്രം ചെയ്യാനാഗ്രഹിച്ച ഒരു ഭരണാധികാരിയോട് സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന മറ്റേത് ഉത്സവമാണ് ലോകത്തുള്ളത്. പൂക്കളവും പൂവിളികളുമായി തിരുവോണത്തെ വരവേറ്റു കഴിഞ്ഞാൽപ്പിന്നെ ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് പറയാറ്. കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും ഓണത്തല്ലും വടംവലിയുമൊക്കെയായി ഓണാഘോഷങ്ങൾ തുടരും. മതജാതി വേർതിരിവുകൾക്കപ്പുറം ഒരുമയുടെ സന്ദേശമാണ് മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ ഈ ആഘോഷം മുന്നോട്ടുവയ്ക്കുന്നത്.

News Malayalam 24x7
newsmalayalam.com