ഇന്ന് ക‍ർക്കിടക വാവ്: ചടങ്ങുകൾക്കായി വിവിധ ക്ഷേത്രങ്ങൾ സജ്ജം

പിതൃക്കളുടെ ആത്മശാന്തിക്കായി പതിനായിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തും.
കർക്കിടക വാവ്
കർക്കിടക വാവ്Source: Facebook
Published on

ഇന്ന് കർക്കിടക വാവ്. മൺമറഞ്ഞ പിതൃക്കളുടെ ആത്മശാന്തിക്കായി വിശ്വാസികൾ ഇന്ന് ബലിതർപ്പണം നടത്തും. ചടങ്ങുകൾക്കായി വിവിധ ക്ഷേത്രങ്ങൾ സജ്ജം. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ ചടങ്ങുകൾക്ക് തുടക്കമായി.

കർക്കടക വാവ് ബലിതർപ്പണത്തിന് ആലുവ മണപ്പുറത്ത് ഒരുക്കിയത് വൻ സജീകരണങ്ങളാണ്. ഒരേ സമയം ആയിരം പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യമാണ് മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത്.

പെരിയാർ നദി പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ ചേരുന്ന ഇടം, ശിവനും പാർവതിയും ഒരുമിച്ചെത്തിയ പുണ്യഭൂമിയാണെന്നാണ് കരുതപ്പെടുന്നത്. ഇവിടെ ബലിതർപ്പണം നടത്തുന്നത് പിതൃക്കൾക്ക് ഉടൻ മോക്ഷം നൽകുമെന്നാണ് വിശ്വാസം. ശ്രീ ശങ്കരാചാര്യർ മാതൃമോക്ഷത്തിനും പരശുരാമൻ പിതൃകർമ്മകങ്ങൾക്കും തിരഞ്ഞെടുത്ത ഭൂമിയെന്ന വിശ്വാസവും ആലുവ മണപ്പുറത്തെ ചുറ്റിപറ്റിയുണ്ട്. ഇന്ന്‌ ഉച്ച ഒന്ന് വരെ തർപ്പണത്തിന് സൗകര്യം ഉണ്ടാകും. ഒരേ സമയം ആയിരം പേർക്ക് ബലിയിടാവുന്ന പതിനാറ് ബലിത്തറകളാണ് ഒരുക്കിയിട്ടുള്ളത്. ശ്രീ നാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിൽ ബലിതർപ്പണം നടക്കും. പിതൃമോക്ഷം തേടി പതിനായിരങ്ങൾ ആണ് ഇവിടേക്ക് എത്തുന്നത്. മണപ്പുറത്ത് പൊലീസ് കൺട്രോൾ റൂമും തുറന്നു.

തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം, കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം, വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതർപ്പണകേന്ദ്രങ്ങൾ. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ഒരു സമയം 3, 500 പേർക്ക് ബലിതർപ്പണം നടത്താൻ കഴിയും വിധം ഒൻപത് മണ്ഡപങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. മലപ്പുറം തിരുന്നാവായ ശ്രീ നവാമുകുന്ദാ ക്ഷേത്രത്തിൽ വാവുബലി കർമ്മങ്ങൾ പുലർച്ചെ രണ്ടു മുതൽ ആരംഭിച്ചു. 16 കർമ്മികളുടെ നേതൃത്വത്തിലാണ് ഭാരതപ്പുഴയുടെ തീരത്ത് ബലികർമ്മങ്ങൾ നടക്കുന്നത്.

പൊലീസും ഫയർഫോഴ്സും ബോട്ട് ഉൾപ്പെടെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ക‍ർക്കിടക വാവ് പ്രമാണിച്ച് പ്രത്യേക സർവീസുകളൊരുക്കി കെഎസിആർടിസി. കൊച്ചി മെട്രോയും പ്രത്യേക സ‍ർവീസുകളൊരുക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com