

ഇടുക്കി: ചിന്നക്കനാലിലെ ഇന്നത്തെ ചക്കക്കൊമ്പൻ ദൗത്യം ഉപേക്ഷിച്ചു. മയക്കുവെടി ഫലപ്രദമാവാത്തതിനാലാണ് ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചത്. ഇതിനൊപ്പം മൂടൽമഞ്ഞും മഴയും പ്രതിസന്ധിയായി. അതേസമയം, ചക്കക്കൊമ്പനെ നിരീക്ഷിക്കുന്നത് തുടരും. നാളെ വീണ്ടും ദൗത്യം തുടരുമെന്ന് സിസിഎഫ് അറിയിച്ചു.
ചിന്നക്കനാലിൽ ഭീതി പരത്തിയ ചക്കക്കൊമ്പനെ രണ്ട് റൗണ്ട് മയക്കുവെടിവച്ചിരുന്നു. പത്ത് മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിൽ 301 കോളനിയിലെ ഓമനക്കുഴിഭാഗത്ത് വച്ചാണ് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടിവച്ചത്. ആദ്യ ഡോസിൽ ആന പൂർണമായും മയങ്ങിയിരുന്നില്ല. രണ്ടാം ഡോസിന് പിന്നാലെ ഈട്ടിക്കൽ മല ഭാഗത്തേക്ക് ചക്കൽകൊമ്പൻ ഓടുകയായിരുന്നു. ഇതിനൊപ്പം സ്ഥലത്തെ മഴയും മൂടൽമഞ്ഞും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.
സുരക്ഷിതമല്ലാത്ത സ്ഥലമായതിനാൽ നേരത്തെ മയക്കുവെടി വയ്ക്കാനായിരുന്നില്ല. ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കാനായി കുംകി ആനകളെയും തയാറാക്കി നിർത്തിയിരുന്നു. ചക്കക്കൊമ്പനെ മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യമില്ലെന്ന വിലയിരുത്തലിൽ ദൗത്യം ഉച്ച വരെ നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ 80 ഏക്കർ കോളനിക്ക് അടുത്തുള്ള പൊന്നു സ്വാമി എസ്റ്റേറ്റിലാണ് ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം കണ്ടത്.
ചിന്നക്കനാൽ മേഖലയെ വിറപ്പിക്കുന്ന ചക്കക്കൊമ്പൻ പകൽ സമയം ആനയിറങ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും തുരുത്തുകളിലും വിശ്രമിക്കുകയും രാത്രിയാകുന്നതോടെ തീറ്റതേടി കൃഷിയിടങ്ങളിലേക്കും ജനവാസമേഖലകളിലേക്കും ഇറങ്ങുകയും പതിവാണ്. ഇതോടെ കുറെ നാളുകളായി ആശങ്കയിലാണ് പ്രദേശവാസികൾ. ഇതോടെയാണ് ആനയെ നിരീക്ഷിക്കാൻ മയക്കുവെടി വച്ച് പിടികൂടി റോഡിയോ കോളർ ധരിപ്പിക്കുന്നത്.
അരിക്കൊമ്പന്റെ നാടുകടത്തലിനു ശേഷം ചിന്നക്കനാൽ മേഖലയിലെ വമ്പനായി മാറിയ ചക്കക്കൊമ്പനെ മയക്കുവെടിവെച്ചു വീഴ്ത്തുകയെന്നത് വനംവകുപ്പിന്റെ ദൗത്യസംഘത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. അതിന് ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ ഇതേ ആവാസവ്യവസ്ഥയിൽ തന്നെ സ്വതന്ത്രമാക്കി വിടാനാണ് വനംവകുപ്പിന്റെ പദ്ധതി. അതുപക്ഷേ, നാട്ടുകാർക്ക് സ്വീകാര്യമല്ല, ആനയെ പൂർണമായും പ്രദേശത്തുനിന്ന് നാടുകടത്തണമെന്ന നാട്ടുകാരുടെ ആവശ്യം.