

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാലു വർഷം തടവും 30,8492 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലന്‍സ് കോടതി വിധിച്ചിരിക്കുന്നത്. ഔദ്യോഗിക പദവിയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ശിക്ഷ. 2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ ഏഴു വരെയുള്ള കാലയളവിലെ തച്ചങ്കരിയുടെ വരുമാനമാണ് അന്വേഷണത്തിന് വിധേയമായത്. പരിശോധനകളില്‍ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, വരുമാനത്തിന്റെ വരവ് കാണിക്കാൻ തച്ചങ്കരിക്ക് സാധിച്ചില്ല. 2013ൽ അന്വേഷണം പൂർത്തിയാക്കി, തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകി. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിജിലൻസ് കോടതി നടപടി പൂർത്തിയാക്കിയത്.
2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ ഏഴു വരെയുള്ള, നാല് വര്‍ഷത്തിനിടെ ടോമിന്‍ ജെ. തച്ചങ്കരി 64,70,000 രൂപ വിലമതിക്കുന്ന അനധികൃത സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു വിജിലന്‍സ് കണ്ടെത്തിയത്. അതായത്, 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചു. പണം ചെലവാക്കിയതിന്റെ രേഖകൾ തച്ചങ്കരി വിജിലൻസ് അന്വേഷണ സംഘത്തിനു നല്‍കിയിരുന്നു. എന്നാല്‍, ആ പണത്തിന്റെ വരവ് സംബന്ധിച്ച രേഖകള്‍ തച്ചങ്കരിക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ല. തനിക്ക് ഇഷ്ടദാനം ലഭിച്ച കുടുംബ സ്വത്താണെന്ന് ഉൾപ്പെടെ വാദങ്ങള്‍ നിരത്തിയെങ്കിലും, അതിനും തെളിവുകള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സർവീസിലിരിക്കെ വീടുകൾ, ഫ്ലാറ്റുകൾ, വസ്തുവകകൾ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നൽകിയ പരാതിയിലാണ് തച്ചങ്കരിക്കെതിരെ അന്വേഷണം തുടങ്ങിയത്. ആഭ്യന്തരവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറിയെ ഉള്‍പ്പെടെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡിജിപി, ഇൻകം ടാക്സ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായും വിസ്തരിച്ചു. കേസില്‍ 128 സാക്ഷികളും, 145 രേഖകളും കോടതിക്കു മുന്നിൽ എത്തിയിരുന്നു. വിചാരണയ്ക്കിടെ, ഔദ്യോഗികപദവയിലിരിക്കെ ഉപയോഗിച്ചിരുന്ന മൂന്നു നക്ഷത്രചിഹ്നം പതിച്ച ബോർഡുവെച്ച സ്വകാര്യകാറിൽ കോട്ടയം വിജിലൻസ് കോടതിയിൽ തച്ചങ്കരി എത്തിയതും വിവാദമായിരുന്നു.
കോട്ടയം എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) കെ.വി. രജനീഷ് മുമ്പാകെയാണ് വിചാരണ പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. ശ്രീകാന്തും ഹാജരായി. 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച കോടതി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ നടപടിയിൽ ഇളവ് അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. നാല് വർഷം തടവ് ശിക്ഷയ്‌ക്കൊപ്പം, 30,8492 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഹൃദയസംബന്ധമായ അസുഖം ഉണ്ടെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നുമുള്ള തച്ചങ്കരിയുടെ അഭ്യര്‍ഥന കോടതി തള്ളുകയും ചെയ്തു. കേസിൽ ജൂൺ 30ന് മുൻപായി വിധി പറയണമെന്നായിരുന്നു ഹൈക്കോടതി വിജിലന്‍സ് കോടതിക്ക് നല്‍കിയ ആദ്യ നിര്‍ദേശം. പിന്നീട്, സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി നല്‍കുകയായിരുന്നു.
1987 ബാച്ച് ഐപിഎസ് ഓഫീസറായിരുന്ന തച്ചങ്കരിക്ക് 2007ൽ ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയതോടെ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രം സമർപ്പിക്കുമ്പോൾ തച്ചങ്കരി സംസ്ഥാന പൊലീസ് ഉപമേധാവിയായി ഉയർന്നിരുന്നു. 2023ൽ മനുഷ്യാവകാശ കമ്മീഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് തച്ചങ്കരി വിരമിച്ചത്.