
കോഴിക്കോട്: നാദാപുരത്ത് പരമ്പരാഗത നെയ്ത്ത് തൊഴിലാളികള്‍ പ്രതിസന്ധിയില്‍. തുച്ഛമായ വേദനവും സൊസൈറ്റിയില്‍ നിന്നും കിട്ടേണ്ട പണം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും നെയ്ത്ത് ജോലി ഉപേക്ഷിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് തൊഴിലാളികളുടെ ആശങ്ക അകറ്റണം എന്ന ആവശ്യവും ഉയരുകയാണ്.
വീടുകളില്‍ കൈത്തറിയന്ത്രം സ്ഥാപിച്ച് തുണികള്‍ നെയ്യുന്ന പരമ്പരാഗത തൊഴിലാളികളാണ് ഒരു ദിവസം മുഴുവന്‍ ജോലി ചെയ്താലും 300 രൂപ തികച്ച് കൂലി ലഭിക്കാതെ തൊഴില്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് എത്തിയത്. കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രത്തില്‍ ഒരു ദിവസം പരമാവധി 5 മീറ്റര്‍ തുണിയാണ് നെയ്‌തെടുക്കാന്‍ കഴിയുക.
നെയ്‌തെടുത്ത തുണി സൊസൈറ്റികളില്‍ എത്തിക്കുമ്പോള്‍ മീറ്ററിന് 75 രൂപ മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. അധ്വാനത്തിനു പുറമേ കടത്തു കൂലി യാത്ര ചിലവ് എല്ലാം ഈ തുച്ഛ വരുമാനത്തില്‍ നിന്നും വേണം ഇവര്‍ക്ക് കണ്ടെത്താന്‍. വരുമാനത്തിലെ കനത്ത അന്തരം കാരണം പുതുതലമുറ നെയ്ത്ത് തൊഴിലിലേക്ക് എത്താന്‍ മടിക്കുകയാണെന്നും പരമ്പരാഗത നെയ്ത്തു തൊഴിലാളി വെള്ളൂരിലെ പുതിയെടുത്ത് കൃഷ്ണന്‍ പറയുന്നു.
ആറു മാസമായി കൂലിയിനത്തില്‍ കുടിശ്ശികയായി കിടക്കുന്ന തുക സൊസൈറ്റികള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കൈത്തറി ജോലിയില്‍ നിന്നും കുടുംബം പുലര്‍ത്താനുള്ള വരുമാനം ഇവര്‍ക്ക് ലഭിക്കാതെയായി. സബ്‌സിഡിയും, റിബേറ്റുമൊക്കെ നല്‍കി സര്‍ക്കാര്‍ ഈമേഖലയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തൊഴിലാളിയുടെ സ്ഥിതി അതീവ ദയനീയമായി തന്നെ തുടരുകയാണ്. മറ്റു ജോലികള്‍ ചെയ്ത് പരിചയമില്ലാത്ത തൊഴിലാളികള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. സര്‍ക്കാര്‍ ഉടനെ ഈ വിഷയത്തില്‍ ഇടപെട്ട് തൊഴിലാളികളെയും തൊഴില്‍ മേഖലയും സംരക്ഷിക്കണമെന്നാണ് നെയ്ത്തുകാര്‍ക്ക് പറയാനുള്ളത്.