കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി ട്രാൻസ് വുമൺ അവന്തിക. ഭയം കൊണ്ടാണ് ആദ്യം മാധ്യമപ്രവർത്തകനോട് സംസാരിച്ചപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിക്കാതിരുന്നത്. യുവനടിയുടെ വെളിപ്പെടുത്തലിന് മുമ്പ് രാഹുലിനെതിരെ സംസാരിച്ചാൽ അപായപ്പെടുത്തുമോ എന്ന് ഭയപ്പെട്ടിരുന്നു. യുവനടിയുടെ വെളിപ്പെടുത്തൽ വന്നതിന് ശേഷമാണ് തുറന്ന് പറയാൻ ധൈര്യം കിട്ടിയത്. അതിന് ശേഷം വീണ്ടും മാധ്യമപ്രവർത്തകനെ വിളിച്ച് എല്ലാം തുറന്നുപറയുകയായിരുന്നു. രാഹുൽ പുറത്തുവിട്ടത് പഴയ ഓഡിയോ സന്ദേശമാണെന്നും അവന്തിക പറഞ്ഞു.
"ആ സമയങ്ങളിൽ എല്ലാം തുറന്നുപറയാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല. താൻ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ല. ആഗസ്റ്റ് ഒന്നിന് മുൻപും നിരന്തരമായി രാഹുലുമായി സംസാരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ടെലഗ്രാം വഴി നടത്തിയ ചാറ്റുകളെപ്പറ്റി രാഹുൽ പറയാത്തത്. ഈ പഴയ ശബ്ദ സന്ദേശമല്ലാതെ മറ്റുള്ള ചാറ്റുകൾ എന്താണ് പരസ്യമാക്കാത്തത്. വാനിഷ് മോഡിലാണ് രാഹുൽ മെസേജ് അയക്കുന്നത്. ഒരിക്കൽ മെസേജുകൾ കണ്ടാൽ പിന്നീട് അത് കാണാൻ കഴിയില്ല. രാഹുൽ ഇപ്പോൾ ശബ്ദ സന്ദേശങ്ങൾ നിരത്തുന്നത് ഈ ധൈര്യത്തിന്റെ പുറത്താണ്", അവന്തിക.
ട്രാൻസ് വുമൺ അവന്തികയുടെ ലൈംഗിക ആരോപണത്തിന് മാത്രമായിരുന്നു രാഹുൽ ഇന്ന് മറുപടി പറഞ്ഞത്. തന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവന്തിക നേരത്തെ അറിയിച്ചിരുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു. ഓഗസ്റ്റ് ഒന്നിന് രാത്രി 8.24ന് അവന്തിക വിളിച്ചിരുന്നു. അവന്തികയെ ഒരു ന്യൂസ് റിപ്പോർട്ടർ വിളിക്കുകയും തനിക്കെതിരെ പരാതിയുണ്ടോയെന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോയെന്നും ചോദിച്ചതായി അവന്തിക തന്നോട് പറഞ്ഞു. ചേട്ടനെ കുടുക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നുണ്ടെന്നും കോൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അവന്തിക പറഞ്ഞു. താൻ അത് അവന്തികയോട് ചോദിച്ചു വാങ്ങുകയായിരുന്നുവെന്നുമാണ് രാഹുൽ പറഞ്ഞത്.
എന്നാൽ, മാധ്യമ പ്രവർത്തകൻ തന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നെന്നും അതിനുള്ള മറുപടിയാണ് ആ സമയത്ത് നൽകിയതെന്നും അവന്തിക പറഞ്ഞു. മാധ്യമ പ്രവർത്തകൻ കാര്യങ്ങളറിയാൻ വിളിച്ചതായി അവന്തിക തന്നെയാണ് രാഹുലിനെ അറിയിച്ചത്. അപ്പോഴുണ്ടായിരുന്ന സംഭാഷണമാണ് രാഹുൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അതിനുശേഷം ഈ വിഷയത്തെപ്പറ്റി സംസാരിച്ചിട്ടില്ലെന്ന് അവന്തിക പറയുന്നു.