കേരളാ തീരത്ത് ജൂണ്‍ 10 മുതല്‍ 52 ദിവസം ട്രോളിങ് നിരോധനം; മന്ത്രിസഭാ തീരുമാനങ്ങള്‍

ജൂൺ ഒന്‍പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം
മത്സ്യബന്ധന തൊഴിലാളികള്‍
മത്സ്യബന്ധന തൊഴിലാളികള്‍Source: News Malayalam 24x7
Published on

കേരളാ തീരത്ത് കടലിൽ ജൂൺ ഒന്‍പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തി. 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം നിലവിൽ വരിക. ഈ കാലയളവില്‍ മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ല. ഇത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

റവന്യൂ വകുപ്പിന്റെ കീഴിൽ ലാൻഡ് ബോർഡിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് മന്ത്രിസഭാ യോഗം തുടർച്ചാനുമതിയും നൽകി. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബർ 31 വരെ ഒരു വർഷത്തേക്കാണ് തുടർച്ചാനുമതി.

ഇതു കൂടാതെ വേതന പരിഷ്കരണം, സമുദായ നാമം മാറ്റല്‍, പാട്ടനിരക്ക് പുതുക്കി നിശ്ചയിക്കല്‍, തോന്നയ്ക്കല്‍ സയന്‍സ് പാർക്ക് എന്നിങ്ങനെ സുപ്രധാനമായ പല തീരുമാനങ്ങളും യോഗം കൈക്കൊണ്ടു.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍:

തസ്തിക

  • റവന്യൂ വകുപ്പിൽ രണ്ട് സ്‌പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ തസ്തികകൾ സൃഷ്ടിക്കും. കെഎസ്എഫ്ഇക്കു വേണ്ടിയാണ് രണ്ട് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്.

  • 12 കിഫ്ബി എൽഎ യൂണിറ്റുകൾക്കായി അധികമായി സൃഷ്ടിച്ചിരുന്ന 62 താൽക്കാലിക തസ്തികകൾക്ക് 10.11.2024 മുതൽ ഒരു വർഷത്തേക്കു കൂടി തുടർച്ചാനുമതി നൽകി. സേവന വേതന ചിലവുകൾ കിഫ്ബി വഹിക്കണമെന്നുള്ള വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്.

വേതനം പരിഷ്‌കരിച്ചു

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പ്രതിമാസ വേതനം പരിഷ്‌കരിച്ചു. 60,000 രൂപയിൽ നിന്നും 70,000 രൂപയാക്കി 01.01.2025 മുതൽ പ്രാബല്യത്തോടുകൂടിയാണ് വേതനം പരിഷ്‌കരിച്ചത്. എൻഡിപിഎസ് കോടതി, എസ്സി/എസ്ടി കോടതി, അബ്കാരി കോടതി, പോക്‌സോ കോടതി, എൻഐഎ കോടതി എന്നീ പ്രത്യേക കോടതികളിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വേതനമാണ് പരിഷ്‌കരിച്ചത്.

സമുദായ നാമം മാറ്റി

സംസ്ഥാന ഒബിസി പട്ടികയിലെ 19-ാം ഇനമായ 'ഗണിക' എന്ന സമുദായ നാമം 'ഗണിക/ഗാണിഗ' (Ganika/Ganiga) എന്ന് മാറ്റം വരുത്തും. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാർശ അംഗീകരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് പാർട്ട് I ഷെഡ്യൂൾഡ് ലിസ്റ്റ് III ൽ ഉൾപ്പെട്ട സമുദായമാണിത്.

തോന്നയ്ക്കൽ സയൻസ് പാർക്ക്

തിരുവനന്തപുരം തോന്നയ്ക്കലിൽ കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്കി (KLIP) ന്റെ ബയോ 360 ലൈഫ് സയൻസ് പാർക്ക് - രണ്ടാം ഘട്ടത്തിൽ 215 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രകാരം കൗൺസിൽ ഓഫ് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (CSIR - NIIST) ഇന്നൊവേഷൻ, ടെക്‌നോളജി, എന്റർപ്രണർഷിപ്പ് എന്നിവയ്ക്കായുള്ള സെന്റർ സ്ഥാപിക്കുന്നതിന് അനുമതി നൽകി. ഇതുകൂടാതെ 10 ഏക്കർ ഭൂമി 90 വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് CSIR - NIIST ന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പാട്ടത്തിനു നൽകാൻ തീരുമാനിച്ചു.

പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി എന്ന സ്ഥാപനത്തിന് അനുവദിച്ച 20.7250 ഏക്കർ ഭൂമിയുടെ പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചു. വാർഷിക പാട്ടനിരക്ക് സെന്റ് ഒന്നിന് ഒരു രൂപാ നിരക്കിൽ 06.05.2014 മുതൽ 30 വർഷത്തേക്കാണ് പാട്ടം പുതുക്കി നിശ്ചയിച്ചത്.

ഭരണാനുമതി

  • കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗാൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് സ്ഥാപിക്കൽ' എന്ന പദ്ധതിക്കായി നിർവ്വഹണ ഏജൻസി സമർപ്പിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ പുതുക്കിയ ഭരണാനുമതി നൽകി. ജി.എസ്.ടി ഉൾപ്പെടെ 643.88 കോടി രൂപയുടെ ഭരണാനുമതിക്കാണ് അനുമതി.

  • പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ കൂട്ടുകടവ് റെഗുലേറ്റർ നിർമ്മാണ പ്രവൃത്തിയുടെ ബാലൻസ് മെക്കാനിക്കൽ പ്രവൃത്തികൾക്ക് DSR 2018+25 ശതമാനം പ്രകാരമുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകി.

കരാർ അനുമതി

  • കാസർഗോഡ് ബേദടുക്ക താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി സമർപ്പിച്ച ടെൻഡർ അംഗീകരിച്ചു. 12,68,65,399.62 രൂപയുടെ ടെൻഡറിനാണ് അനുമതി നൽകിയത്.

  • ജല വിഭവ വകുപ്പിന്റെ കീഴിൽ ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, വണ്ണപുരം എന്നീ പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച ബിഡ്ഡിന് അനുമതി നൽകി. 18,07,67,446.56 രൂപയുടെ പ്രവൃത്തിക്കുള്ള ബിഡ്ഡാണ് അനുവദിച്ചത്.

  • കൊച്ചി കോർപ്പറേഷന്റെ കീഴിലെ ചളിക്കവട്ടം, തമ്മനം മേഖലകളിലെ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച ടെൻഡറിന് അനുമതി നൽകി. 1,62,57,067 രൂപയ്ക്കാണ് അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തിക്ക് ടെൻഡർ അനുമതി നൽകിയത്.

  • പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര, ഓമല്ലൂർ പഞ്ചായത്തുകളിലെ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച ബിഡ്ഡിന് അനുമതി നൽകി. 13,33,62,974 രൂപയുടെ ബിഡ്ഡിനാണ് അനുമതി നൽകിയത്.

  • എറണാകുളം കളമശേരി മുൻസിപ്പാലിറ്റിയിലെ കുട്ടിയുടെ വിവിധ പ്രവർത്തികൾക്ക് ഉള്ള ടെൻഡറിന് അംഗീകാരം നൽകി.അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതിക്ക് 11,95,85,482 കോടി രൂപയുടെ ടെൻഡറിനാണ് അംഗീകാരം നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com