"മനുഷ്യ സ്നേഹത്തിൻ്റെ യഥാര്‍ഥ കേരള സ്റ്റോറി"; വയനാട്ടിലെ റസാഖിനേയും സുലൈമാനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി

പെറ്റമ്മയെ പോലെ അവര്‍ കല്യാണി അമ്മയെ പരിചരിച്ചെന്നും കല്യാണി അമ്മ ഈ ലോകത്ത് നിന്ന് മടങ്ങുമ്പോള്‍ സ്വന്തം മക്കളെപ്പോലെ റസാഖും സുലൈമാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്തെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വയനാട്ടിലെ റസാഖിനേയും സുലൈമാനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി
വയനാട്ടിലെ റസാഖിനേയും സുലൈമാനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി
Published on: 
Updated on: 

തിരുവനന്തപുരം: വയനാട്ടിൽ അന്തരിച്ച കല്യാണി അമ്മയ്ക്ക് ഹൈന്ദവാചാര പ്രകാരം അന്ത്യകർമങ്ങൾ ചെയ്ത ഇസ്ലാം മത വിശ്വാസികളായ സഹോദരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. വയനാട് മൂപ്പൈനാട് പഞ്ചായത്തിലെ ചിത്രഗിരിയിലുള്ള റസാഖിനേയും സഹോദരന്‍ സുലൈമാനേയുമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അഭിനന്ദിച്ചത്. സംസ്കാര ചടങ്ങിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് വി.ഡി. സതീശൻ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്. ഇതാണ് മനുഷ്യ സ്‌നേഹത്തിൻ്റെ യഥാര്‍ഥ കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വാര്‍ധക്യവും രോഗവും കല്യാണി അമ്മയെ തളര്‍ത്തിയപ്പോഴും അയല്‍വാസികളായ റസാഖും സഹോദരന്‍ സുലൈമാനും കുടുംബവുമാണ് അവര്‍ക്ക് തുണയായത്. പെറ്റമ്മയെ പോലെ അവര്‍ കല്യാണി അമ്മയെ പരിചരിച്ചെന്നും കല്യാണി അമ്മ ഈ ലോകത്ത് നിന്ന് മടങ്ങുമ്പോള്‍ സ്വന്തം മക്കളെപ്പോലെ റസാഖും സുലൈമാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്തെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത തവണ വയനാട്ടിലെത്തുമ്പോള്‍ അവരെ കാണാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

വയനാട്ടിലെ റസാഖിനേയും സുലൈമാനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി
മുൻ എക്‌സൈസ് കമ്മീഷണർ സാംബശിവ റാവുവിനെതിരെ പരാതിയുമായി എക്സൈസ് മധ്യമേഖലാ ജോയിൻ്റ് കമ്മീഷണർ

മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

മക്കളോ ബന്ധുക്കളോ ഇല്ലാത്ത എണ്‍പത്തിയഞ്ചുകാരി കല്യാണി അമ്മയ്ക്ക് അന്ത്യകര്‍മ്മം ചെയ്തത് അയല്‍പ്പക്കത്തെ ഇസ്ലാം മത വിശ്വാസികളായ സഹോദരന്‍മാര്‍. വയനാട് മൂപ്പൈനാട് പഞ്ചായത്ത് ചിത്രഗിരിയില്‍ നിന്നുള്ള ഈ വാര്‍ത്തയില്‍ തെളിഞ്ഞു കണ്ടത് മനുഷ്യ സ്‌നേഹത്തിൻ്റെ യഥാര്‍ഥ കേരള സ്റ്റോറിയാണ്.

വാര്‍ധക്യവും രോഗവും കല്യാണി അമ്മയെ തളര്‍ത്തിയപ്പോഴും അയല്‍വാസികളായ റസാഖും സഹോദരന്‍ സുലൈമാനും കുടുംബവുമാണ് അവര്‍ക്ക് തുണയായത്. പെറ്റമ്മയെ പോലെ അവര്‍ കല്യാണി അമ്മയെ പരിചരിച്ചു. കല്യാണി അമ്മ ഈ ലോകത്ത് നിന്ന് മടങ്ങുമ്പോള്‍ സ്വന്തം മക്കളെപ്പോലെ റസാഖും സുലൈമാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു. അവര്‍ അതവരുടെ കടമയായി കരുതി.

അത്രയേറെ ഹൃദയസ്പര്‍ശിയായിരുന്നു ആ വാര്‍ത്ത. ഇന്ന് രാവിലെ റസാഖിനെ ഫോണില്‍ വിളിച്ചു. ആ സ്‌നേഹത്തിന് കേരളത്തിൻ്റെ പിന്തുണയും നന്ദിയും അറിയിച്ചു. വയനാട്ടിലെത്തുമ്പോള്‍ അവരെ കാണാമെന്നും ഉറപ്പു നല്‍കി. മനുഷ്യത്വത്തിൻ്റെ പട്ടുപുതച്ച് കല്യാണി അമ്മ യാത്രയായെന്നാണ് ഞാന്‍ വായിച്ച വാര്‍ത്തയുടെ തലക്കെട്ട്. അതിനുമപ്പുറം പറയാന്‍ വാക്കുകളില്ല.

വയനാട്ടിലെ റസാഖിനേയും സുലൈമാനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി
"ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റുകൾ വെളുക്കില്ല"; ജി.എൻ.എ കരാർ യൂടേണിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്