സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് പേർ മരിച്ചു. കോഴിക്കോട് ഓമശ്ശേരി സ്വദേശിയുടെ മൂന്ന് മാസം പ്രായമായ കുഞ്ഞും മലപ്പുറം സ്വദേശിനിയായ വീട്ടമ്മയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ മാസമാണ് പനി ബാധിച്ചതിനെ തുടർന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ സ്രവ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഒരു മാസത്തോളമായി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി റംലയും മരണത്തിന് കീഴടങ്ങി. 52 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈയിൽ തന്നെ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ റംലയ്ക്ക് കൃത്യമായ പരിശോധന നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതോടെ സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ മൂന്ന് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര കേസുകൾ വർധിക്കുന്ന സാഹചര്യം ഉണ്ടായതിനാൽ അവ തടയാനുള്ള ആക്ഷൻ പ്ലാൻ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യും. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ തുടങ്ങി എല്ലായിടത്തേയും ടാങ്കുകൾ വൃത്തിയാക്കണം. വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വെള്ളവും ശുദ്ധീകരിക്കണം. നിർദേശം നടപ്പാക്കിയില്ലെങ്കിൽ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ ക്യാംപയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഓഗസ്റ്റ് 30, 31 ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണം.
സംസ്ഥാനത്ത് പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളും ജലസ്രോതസുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെ പൊതു ജല സ്രോതസുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താനും നിര്‍ദേശം നല്‍കിയിരുന്നു.
ഈ വര്‍ഷം ഇതുവരെ 41 അമീബിക്ക് മസ്തിഷ്‌ക ജ്വരം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 17 ആക്ടീവ് കേസുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.