
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച് യുഡിഎഫ്. പരിപാടി ശനിയാഴ്ച നടക്കാനിരിക്കെയാണ് ബഹിഷ്‌കരണം. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്നും നടക്കുന്നത് അയ്യപ്പ ഭക്തന്മാരെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും യുഡിഎഫ് പറഞ്ഞു.
അയ്യപ്പ സംഗമം വോട്ട് തട്ടാനുള്ള കുതന്ത്രമാണെന്നും യുഡിഎഫ് ആരോപിക്കുന്നു. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നകാര്യം പിന്നീട് വ്യക്തമാക്കാം എന്നായിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ് അടക്കം പറഞ്ഞിരുന്നത്.
അതേസമയം അയ്യപ്പ സംഗമത്തെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസും രംഗത്തെത്തിയിരുന്നു. ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതിയാണിതെന്ന് എഡിജിപി എസ് ശ്രീജിത്തും പറഞ്ഞിരുന്നു.
അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അയ്യപ്പ സംഗമം നടത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരോപിച്ചായിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്നും, പരിപാടി സംഘടിപ്പിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി നല്‍കിയിട്ടുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു. എല്ലാ പരാതികളും ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. സുരക്ഷ, സാമ്പത്തിക സുതാര്യത, പരിസ്ഥിതി, സാധാരണ വിശ്വാസികളുട താല്‍പ്പര്യങ്ങള്‍ എല്ലാം സംരക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.