പാലക്കാട്: ബലാത്സംഗക്കേസിന് പിന്നാലെ കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി വിജയിച്ച യുഡിഎഫ് സ്ഥാനാർഥികൾ. പ്രശോബ്, മോഹൻ ബാബു എന്നീ സ്ഥാനാർഥികളാണ് എംഎൽഎ ഓഫീസിലെത്തിയത്. പാർട്ടി പുറത്താക്കിയ ഒരാളെ കാണാൻ, കോൺഗ്രസ് സ്ഥാനാർഥികൾ എത്തുന്നതിൽ പ്രശ്‌നം ഇല്ലേ എന്ന ചോദ്യത്തിന് താൻ ഇവിടുത്തെ വോട്ടർ ആണെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം.
"ജനം പ്രബുദ്ധരാണ്. എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും. എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും," ഫേസ്ബുക്കിൽ കുറിച്ച ഇതേ വാക്കുകൾ ആവർത്തിച്ചായിരുന്നു രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഉറ്റ സുഹൃത്ത് ഫെനി നൈനാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റു. ഫെനി മത്സരിച്ച അടൂര്‍ നഗരസഭയിലെ എട്ടാംവാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 23–കാരി നല്‍കിയ പീഡന പരാതിയില്‍ ഫെനി നൈനാനും ആരോപണ വിധേയനായിരുന്നു. ഫെനിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ഉയര്‍ന്ന ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.