

കൊച്ചി: സിപിഐയെ വീണ്ടും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ കൺവീനർ ആയ സമയം മുതൽ സിപിഐയെ സ്വാഗതം ചെയ്യുകയാണ്. വിമത ശല്യം ഇന്നത്തോടെ അവസാനിക്കുമെന്നും, വിമതർ യുഡിഎഫിന് ബാധ്യതയാകില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
നേരത്തെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയിൽ അതൃപ്തി ഉണ്ടായപ്പോഴും അടൂർ പ്രകാശ് സിപിഐയെ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. നേരത്തെ യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിച്ച പാർട്ടിയാണ് സിപിഐ എന്നും വരുന്ന തെരഞ്ഞെടുപ്പിൽ ഒന്നിച്ച് പോകണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നുമാണ് അടൂർ പ്രകാശ് അന്ന് പറഞ്ഞത്.
സിപിഐഎമ്മിന്റെ വല്യേട്ടൻ അടിച്ചമർത്തലിന് നിൽക്കേണ്ട കാര്യം സിപിഐക്കില്ല. യുഡിഎഫിൽ വന്നാൽ അർഹമായ സ്ഥാനം നൽകും. സിപിഐയിൽ ഇപ്പോൾ ഒരു വിള്ളലുണ്ട്. വേദനകൾ കടിച്ചമർത്തി പ്രശ്‌നമൊന്നും ഇല്ലെന്ന് സിപിഐ പറയും. പക്ഷെ, അകൽച്ചയുണ്ടായികഴിഞ്ഞു. അധികം താമസിയാതെ തന്നെ ഒരു ശുഭവാർത്ത പ്രതീക്ഷിക്കാം എന്നും അടൂർ പ്രകാശ് അന്ന് പറഞ്ഞിരുന്നു.