തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിന് എതിരായ പിഎം ശ്രീ ആരോപണത്തിലും ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് എതിരായ ആരോപണങ്ങളിലും മുൻ നിലപാട് പാടേ തിരുത്തി സർക്കാർ. ഊരാളുങ്കലിൻ്റേത് നിലവാരമുള്ള പ്രവൃത്തികളെന്നും സർക്കാരിൽ നിന്ന് വഴിവിട്ട് ഒരു സഹായവും കൈപ്പറ്റുന്നില്ലെന്ന് നിയമസഭയിൽ പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ പറഞ്ഞു. പിഎം ശ്രീ കരാറിൽ എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്താതെയാണ് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ സഭയിൽ പ്രതികരിച്ചത്. എസ്എസ്കെ ഫണ്ട് അടക്കം കേന്ദ്ര സർക്കാർ അന്യായമായി തടഞ്ഞുവച്ച കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതരാവുകയാണെന്നും മന്ത്രി മലക്കം മറിഞ്ഞു.
യുടേണുകളുടെ പരമ്പര സംസ്ഥാന സർക്കാർ തുടരുകയാണ്. യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോൾ എടുത്ത നിലപാടുകളുടെ കടകവിരുദ്ധമായ സമീപനമാണ് പിഎം ശ്രീ വിഷയത്തിലും ഊരാളുങ്കൽ സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ സംബന്ധിച്ചും സർക്കാരിന്ന് സഭയിൽ സ്വീകരിച്ചത്. പിഎം ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമാവുകയായിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സഭയിൽ പറഞ്ഞു. മൂന്നുവർഷം കൊണ്ട് ആകെ ആയിരം കോടിയോളം രൂപ ഇനത്തിൽ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടായിരുന്നു. പിഎം ശ്രീ ഒപ്പിടാത്തതിൻ്റെ പേരിൽ മറ്റു കേന്ദ്രഫണ്ടുകളും കേന്ദ്ര സർക്കാർ അന്യായമായി തടഞ്ഞുവച്ചു. അതുകൊണ്ട് കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിടാൻ നിർബന്ധിതരായെന്നും ഷംസുദ്ദീൻ പറഞ്ഞു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ ഒരു തുടർചർച്ചയും നടത്തിയിട്ടില്ല. കരാറിൽ ഒപ്പിട്ടപ്പോൾ ലഭിച്ചത് എസ്എസ്കെ ഫണ്ട് മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഇതും ഇതുവരെ നിരന്തരം പറഞ്ഞതിനും പ്രചരിപ്പിച്ചതിനും നേരെ വിരുദ്ധം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രചാരണ ആയുധമായിരുന്നു പിഎം ശ്രീ പദ്ധതി. സിപിഐഎം - ബിജെപി ഡീൽ എന്ന മട്ടിലായിരുന്നു യുഡിഎഫ് കരാറിൽ അന്ന് അവതരിപ്പിച്ചത്.
അടുത്ത മലക്കം മറിച്ചിൽ ഊരാളുങ്കൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ സംബന്ധിച്ച സമീപനത്തിലായിരുന്നു. ഊരാളുങ്കലിന് നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രവൃത്തികൾ അനുവദിച്ച് അവരെ കുത്തകയാക്കാൻ കഴിഞ്ഞ സർക്കാർ സഹായിച്ചോ എന്ന് വി.ടി. ബൽറാം എംഎൽഎയുടെ ചോദ്യം. അങ്ങനെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ മറുപടി.
ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവൃത്തികളാണ്. ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ വർക്ക് ലോഡ് കൂടിയതുകൊണ്ട് മാത്രം ഉണ്ടായവയെന്നും മറുപടി. ഊരാളുങ്കലിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷത്തിരുന്നപ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് നേതാക്കളും ഉന്നയിച്ചിരുന്നത്. സിപിഐഎമ്മിൻ്റെ അഴിമതി പണം പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്നടക്കം സതീശൻ അന്ന് ആരോപിച്ചിരുന്നു.
ഊരാളുങ്കലിനെ വിമർശിച്ചവർ തന്നെ നിലവാരമുണ്ടെന്ന് ഇപ്പോൾ പറഞ്ഞതിൽ സന്തോഷമെന്നും, വൈകിയാണെങ്കിലും ബോധോദയം ഉണ്ടായതിൽ സന്തോഷമെന്നും സിപിഐഎം നേതാവും മുൻ മന്ത്രിയുമായ വി.എൻ. വാസവൻ പരിഹസിച്ചു. മദ്യനയം, പിഎം ആവാസ് യോജന, വൈദ്യുതി നിയന്ത്രണം, വിസിമാരുടെ രാഷ്ട്രീയ ഇടപെടൽ എന്നിങ്ങനെ ഒരു ഡസനോളം വിഷയങ്ങളിലാണ് വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ നിലപാടുകളിൽ നേരെ എതിർദിശയിലേക്ക് മലക്കം മറിഞ്ഞത്.