
നിലമ്പൂരിനെ ഇളക്കി മറിച്ച് യുഡിഎഫ്-എൽഡിഎഫ് വാഹനപ്രചരണ ജാഥ. റെയിൽ സ്റ്റേഷനിൽ എത്തിയ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് അവേശ്വോജ്വലമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ അടക്കമുള്ളവർ സ്വീകരണത്തിൽ പങ്കെടുത്തു. സ്വീകരണത്തിന് നന്ദി പറഞ്ഞ എം.സ്വരാജ് കിട്ടുന്നത് സ്നേഹനിർഭരമായ സ്വീകരണമാണെന്നും ഈ പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നുവെന്നും പ്രതികരിച്ചു.
നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെയും ആഘോഷത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. റോഡ് ഷോയിൽ പ്രവർത്തകരുടെ വൻനിര തന്നെ ഉണ്ടായിരുന്നു. ഇരു റോഡ് ഷോകളും ഒരിടത്തേക്ക് എത്തിയതും പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
അതേസമയം, ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ ബിഡിജെഎസിനെ മത്സരിപ്പിക്കുമെന്നാണ് സൂചന. മത്സരത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത് രാഷ്ട്രീയ ദോഷം ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. മത്സരിക്കേണ്ടതില്ലെന്ന അഭിപ്രായമുണ്ടായിരുന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.