ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ പ്രതികരിച്ച് യുഡിഎഫ് നേതാക്കൾ. മെഡിക്കൽ കോളേജുകളിൽ നടന്നു പോകുന്നവൻ മൂക്കിൽ പഞ്ഞി വച്ചു മടങ്ങുന്ന അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചികിത്സാ പിഴവിന് കാരണം സിസ്റ്റത്തിൻ്റെ പ്രശ്നമാണ്. പ്രശ്നം പരിഹരിക്കാൻ അല്ലേ മന്ത്രി എന്നും ചെന്നിത്തല ചോദിച്ചു.
ആരോഗ്യ വകുപ്പ് വെൻ്റിലേറ്ററിലാണോ അതോ മോർച്ചറിയിലാണോ എന്ന് മനസിലാകുന്നില്ലെന്നായിരുന്നു കെ. മുരളീധരൻ്റെ പ്രതികരണം. ഈ സംഭവം പുറത്ത് പറയരുത് എന്നാണ് അവിടുത്തെ ഡോക്ടർ അവരോട് പറഞ്ഞത്. അതിനു ഒന്നര വർഷം ശേഷം ആണ് ഹർഷിനയുടെ കേസ് വരുന്നത് എന്നും മുരളീധരൻ ഓർമപ്പെടുത്തി.
ആരോഗ്യരംഗം ആകെ പ്രശ്നത്തിൽ നിൽക്കുമ്പോളാണ് മുഖ്യമന്തി അബുദാബിയിൽ ചെന്ന് കേരളത്തിലെ ആരോഗ്യ രംഗം അമേരിക്കയെ കടത്തിവെട്ടി എന്ന് പറയുന്നത്. പ്രൈവറ്റ് ഹോസ്പിറ്റലിൽ എത്തുന്ന രോഗികളുടെ എണ്ണം കൂടുകയാണ്. അടിയന്തരമായി സർക്കാർ എന്തെങ്കിലും ചെയ്യണം. കേരളത്തിലെ ജനങ്ങൾ മുഴുവൻ ആരോഗ്യരംഗത്തെ ഇത്തരം പ്രശ്നങ്ങൾക്കെതിരെ രംഗത്തുവരണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ആരോഗ്യമേഖല ഒന്നാമത് എന്നത് പ്രചാരണമം മാത്രമാണ്. ഇത്തരം വിഷയങ്ങളെ ലാഘവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അത് ഉണ്ടാകുന്നില്ല. മുഖ്യമന്ത്രിക്ക് എങ്ങനെ ഇതെല്ലാം കണ്ടുകൊണ്ടിരിക്കാൻ സാധിക്കുന്നു എന്നും, നടപടിയെടുക്കാൻ കഴിവുള്ള ഭരണകൂടം ആയിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നു എന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.