മലപ്പുറം: പ്രാദേശിക സർക്കാർ സംവിധാനമായ പഞ്ചായത്തുകളുടെ എക്കാലത്തെയും വെല്ലുവിളിയാണ് തടസമില്ലാത്ത കുടിവെള്ള വിതരണം. എന്നാൽ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞതിൻ്റെ നേട്ടത്തിലാണ് മലപ്പുറം ജില്ലയിലെ യുഡിഎഫ് ഭരിക്കുന്ന മുതുവല്ലൂർ പഞ്ചായത്ത്. 37 കോടി രൂപയാണ് എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാൻ ചെലവഴിച്ചത്. ഇതോടെ മുതുവല്ലൂർനൂറു ശതമാനം കണക്ഷൻ നൽകുന്ന ജില്ലയിലെ ആദ്യ പഞ്ചായത്താവുകയാണ്.
15 വാർഡുകളുള്ള പഞ്ചായത്തിലെ ആകെയുള്ള 5804 വീടുകളിലും കുടി വെള്ളം എത്തി. അതായത് മുതുവല്ലൂർ പഞ്ചായത്തിൽ കുടിവെള്ളം എത്താത്ത ഒരു വീടുപോലുമില്ല ഇനി. ജലജീവൻ മിഷൻ, സംസ്ഥാന സർക്കാർ, പ്രാദേശിക ഭരണകൂടം എന്നിവർ ചേർന്ന് 37.4 കോടി രൂപയാണ് പദ്ധതി പൂർത്തിയാക്കാൻ ചെലവഴിച്ചത്.
ചാലിയാറിൽ നിന്നുള്ള വെള്ളം ചീക്കോട് പ്ലാൻ്റിൽ ശുദ്ധീകരിച്ച് മുതുവല്ലൂരിലെ 23 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിൽ എത്തും. പതിനായിരം കിലോമീറ്ററിലധികം പൈപ്പ് ലൈൻ സ്ഥാപിച്ച് ഓരോ വീടുകളിലും കണക്ഷൻ നൽകിയാണ് കുടിവെള്ള പ്രശ്നം പരിഹരിച്ചത്. പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വീടുകളിൽ മാത്രമല്ല, അങ്കണവാടികൾ, സ്കൂളുകൾ, പൊതു സ്ഥാപനങ്ങൾ അങ്ങിനെ എല്ലായിടത്തും വെള്ളം എത്തിച്ചിട്ടുണ്ട് .