കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ആധിപത്യം തുടർന്ന് യുഡിഎസ്എഫ്. എംഎസ്എഫിൻ്റെ പിന്തുണയോടെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ യുഡിഎസ്എഫ് യൂണിയൻ നിലനിർത്തിയത്.
യൂണിവേഴ്സിറ്റി യൂണിയൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ എംഎസ്എഫിൻ്റെ ആദ്യത്തെ ചെയർപേഴ്‌സണായി ഷിഫാന പി. യെ തെരഞ്ഞെടുത്തു. ചെയർപേഴ്സൺ സീറ്റ് ഉൾപ്പടെ 5 സീറ്റിലും യുഡിഎസ്എഫ് സഖ്യം വിജയം നേടി.
ജോയിൻ്റ് സെക്രട്ടറിയായി കെഎസ്‌യുവിൻ്റെ അനുഷ റോബി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സൺ-മുഹമ്മദ് ഇർഫാൻ എ.സി, ലേഡീ വൈസ് ചെയർപേഴ്സൺ-നാഫിയ ബിറ, സെക്രട്ടറി- സൂഫിയാൻ വി എന്നിവരേയും തെരഞ്ഞെടുത്തു. എംഎസ്എഫ് നാല് സീറ്റിലും കെഎസ്‌യു ഒരു സീറ്റിലുമാണ് മത്സരിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നടത്തിയ വിജയാഘോഷ പരിപാടിക്കിടെ യുഡിഎസ്എഫ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷം രൂക്ഷമായതോടെ പൊലീസ് ഇടപെട്ട് ലാത്തി വീശി.