ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം. ശബരിമല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന ആർ.ജെ. ഹേമന്ത് ഇപ്പോൾ ലേസൺ ഓഫീസറാണ്. ദേവസ്വം ബോർഡ് പട്ടിക വിവാദമായപ്പോൾ തിരുത്തിയിട്ടും ഹേമന്ത് തസ്തികയിൽ തുടരുന്നു.
ഈ മാസം 12ന് ദേവസ്വം ബോർഡ് ഗസറ്റഡ് ഓഫീസർമാരുടെ പട്ടിക പുറത്തിറക്കിയപ്പോൾ തന്നെ വിവാദമായിരുന്നു. അതിൽ ദേവസ്വം മന്ത്രി ഉൾപ്പെടെ ചൂണ്ടിക്കാണിച്ചത് എസ്ഐടി ചോദ്യം ചെയ്ത ശ്യാം പ്രകാശിനെ വള്ളിയാംകാവ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചതിനെ ആയിരുന്നു. ഇത് തിരുത്തണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ ദേവസ്വം ബോർഡ് അടിയന്തര യോഗം ചേരുകയും പട്ടിക തിരുത്തുകയും ചെയ്തു. തുടർന്ന് 27 പേരുടെ പട്ടിക തിരുത്തിയാണ് ദേവസ്വം ബോർഡ് പുതിയ ഉത്തരവിറക്കിയത്.
എന്നാൽ, പുതുക്കിയ പട്ടികയിലും എസ്ഐടി ചോദ്യം ചെയ്ത ശബരിമല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന ആർ.ജെ. ഹേമന്ത് തുടരുന്ന സാഹചര്യമാണ്. മന്ത്രി നിർദേശമറിയിച്ച സമയത്ത് ഹേമന്തിൻ്റെ പേര് ഉയർന്നിരുന്നില്ല. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്ന് മഹസറിൽ ഒപ്പിട്ടയാളാണ് ഹേമന്ത്. അദ്ദേഹത്തെ എസ്ഐടി വിശദമായി ചോദ്യം ചെയ്തിരുന്നു.