തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ നീക്കം. പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രേംകുമാറുമായി സംസാരിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും തിടുക്കപ്പെട്ട് തന്നെ പുറത്താക്കുകയായിരുന്നുവെന്നും, അതിനുള്ള അടിയന്തര സാഹചര്യം എത്ര ആലോചിച്ചിട്ടും മനസിലായില്ലെന്നും പ്രേംകുമാർ ആദ്യം പ്രതികരിച്ചിരുന്നു.
ഇത്തവണത്തെ സിനിമാ അവാർഡ് പ്രഖ്യാപനത്തിൻ്റെ കൃത്യം തലേ ദിവസം ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും താൻ പുറത്തായത്. സിനിമ പോലും വേണ്ടെന്ന് വെച്ചാണ് പ്രവർത്തിച്ചത്. അവിടെ നിന്ന് പറഞ്ഞുവിടുമ്പോൾ ഒരു മാന്യതയൊക്കെ കാണിക്കാമെന്നും പ്രേം കുമാർ ചൂണ്ടിക്കാട്ടിയിരുന്നു. യാത്ര പറയാനോ, യാത്രയപ്പ് നൽകാൻ പോലും സാധിച്ചില്ലെന്ന വിഷമവും അദ്ദേഹം പങ്കുവച്ചിരുന്നു.
ആശാസമരവുമായി ബന്ധപ്പെട്ട പരാമർശമാണ് തന്നെ പുറത്താക്കുന്നതിന് പിന്നിലെ കാരണമെന്ന് കഴിഞ്ഞ ദിവസം പ്രേംകുമാർ തുറന്നുപറഞ്ഞിരുന്നു. പക്ഷേ, അത് മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് ഔദ്യോഗിക അറിയിപ്പ് പോലും ലഭിച്ചിട്ടില്ല. സമരത്തെ കുറിച്ച് നടത്തിയത് സദുദ്ദേശപരമായ അഭിപ്രായം മാത്രമാണ്. മനുഷ്യനായതിനാൽ എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ. മാറ്റുന്നതും പുറത്താക്കുന്നതും എല്ലാം സർക്കാർ തീരുമാനമാണ് എന്നും പ്രേംകുമാർ പറഞ്ഞിരുന്നു.