തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ക്ഷണം. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നേരിട്ടെത്തി ക്ഷണിക്കുകയായിരുന്നു. സുരേഷ് ഗോപി ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷ ഉണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച കോൺഗ്രസിൻ്റേയും ബിജെപിയുടെയും ആശയക്കുഴപ്പം കൂടുതൽ സങ്കീർണമായ സാഹചര്യത്തിലാണ് സുരേഷ് ഗോപിക്ക് ക്ഷണവുമായി ദേവസ്വം ബോർഡ് എത്തിയിരക്കുന്നത്. പന്തളം കൊട്ടാരത്തിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ വന്നതോടെ ബിജെപിയുടെ ഔദ്യോഗിക നിലപാട് കുമ്മനം രാജശേഖരൻ മയപ്പെടുത്തിയിട്ടുണ്ട്.
ആദ്യം യുഡിഎഫിൻ്റെ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയട്ടെയെന്ന അഴകൊഴമ്പൻ മറുപടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നും ആവർത്തിച്ചു. ഹൈക്കോടതിയെ അടക്കം അയ്യപ്പസംഗമത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മുന്നോട്ടുപോകാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ.
സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണ് ആഗോള അയ്യപ്പ സംഗമം എന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. സംഗമത്തിലേക്ക് നേരിട്ട് ക്ഷണിക്കാന്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കന്റോൺമെന്റ് ഹൗസിൽ എത്തിയെങ്കിലും വി.ഡി. സതീശന്‍ കാണാന്‍ കൂട്ടാക്കിയിരുന്നില്ല. ക്ഷണക്കത്ത് നൽകി പി.എസ്. പ്രശാന്ത് മടങ്ങുകയായിരുന്നു.