ഇടുക്കി: വീണ്ടും ഫ്യൂഡൽ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനപ്രതിനിധിയെന്ന നിലയിൽ താൻ കടപ്പെട്ടിരിക്കുന്നത് 'പ്രജകളോട്' മാത്രമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. രാജ്യസഭ എംപിയായപ്പോൾ മുതൽ ശമ്പളം എടുത്തിട്ടില്ല. അത് മുഴുവൻ ജനങ്ങളുടെ കഞ്ഞിപ്പാത്രത്തിലേക്കാണ് പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടുക്കി മൂലമറ്റത്തെ കലുങ്ക് സംവാദത്തിനിടെയാണ് പ്രസ്താവന.
തൃശൂരിൽ വേലായുധന് വീട് ലഭിച്ചതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. "എൻ്റെ ജീവിതത്തിൽ ഞാൻ കടപ്പെട്ടിരിക്കുന്നത് പ്രജകളോട് മാത്രമാണ്. ആ പ്രജകൾക്കിടയിൽ ജാതിയുടേയോ മതത്തിൻ്റെയോ അതിർവരമ്പുകൾ ഞാൻ നിശ്ചയിച്ചിട്ടില്ല. മനുഷ്യനാണ് ചില തെറ്റുകളൊക്കെ പറ്റും. കഴിഞ്ഞ അഞ്ച് ടേമുകളിലായി എല്ലാവരും ചെയ്ത പാപങ്ങളുടെ അത്ര ഞാൻ ചെയ്തിട്ടില്ല. ഞാന്‍ ശമ്പളം തൊട്ടിട്ടില്ല, എല്ലാം ജനങ്ങളുടെ കഞ്ഞി പാത്രത്തില്‍ എത്തിയിട്ടുണ്ട്. അവർ വേലായുധന്‍ ചേട്ടന് കൊടുത്തത് തൊട്ടിപിരിവ് നടത്തിയിട്ടാണ്," സുരേഷ് ഗോപി പറഞ്ഞു.
പിന്നാലെ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. പ്രജ ഒരു മോഹൻലാൽ സിനിമയല്ലേ എന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം.
തൃശൂർ കലുങ്ക് സൗഹാർദ സംവാദ സദസിൽ പുള്ള് സ്വദേശി കൊച്ചു വേലായുധന്റെ അപേക്ഷ, കേന്ദ്രമന്ത്രി സുരേഷ് ഗോപി നിരസിച്ച സംഭവം വലിയ ചർച്ചയായിരുന്നു. പിന്നാലെ സിപിഐഎം ചേർപ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വേലായുധന് വീട് നിർമാണം ആരംഭിച്ചു. ഭാര്യ സരോജിനിയും മൂന്നു മക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഒറ്റ മുറി കൂരയിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറി താമസിക്കാൻ കാത്തിരിക്കുകയാണ് വേലായുധൻ.