
വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് 9 മണിയോടെ തൃശൂരിലെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. തൃശൂർ കമ്മീഷണർ ഓഫീസിലേക്ക് ബിജെപിയുടെ പ്രതിഷേധമാർച്ച് രാവിലെ പത്തരയ്ക്ക് നടക്കും. കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഇന്നലെ രാത്രി ബിജെപിയുടെ പ്രകടനം നടത്തിയിരുന്നു. പിന്നാലെ സിപിഐഎം - ബിജെപി പ്രവർത്തകർ തെരുവിൽ പോരടിക്കുകയും പരസ്പരം കല്ലും വടിയും എറിഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെടുകയും ചെയ്തിരുന്നു. മാർച്ചിനിടെ സുരേഷ് ഗോപിയുടെ ഓഫീസിലെ സൈൻ ബോർഡിൽ കരിയോയിൽ ഒഴിച്ച വിപിൻ വിൽസനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിയോയിൽ ഒഴിച്ചതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രവർത്തകനെ സിപിഐഎം പ്രവർത്തകർ മോചിപ്പിച്ചിരുന്നു. കരിയോയിൽ ഒഴിച്ചത് രാഷ്ട്രീയ സംഘർഷത്തിനിടയാക്കിയ പശ്ചാത്തലത്തിലായിരുന്നു രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയത്.
വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ വലിയ പ്രതിഷേധങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. വിവിധയിടങ്ങളിൽ കള്ള വേട്ടുകൾ രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ആദ്യം പുറത്ത് വന്നത് മണ്ഡലത്തിനു പുറത്തുള്ള ചിലരെ വ്യാജ വിലാസത്തിൽ വോട്ടർ പട്ടികയിൽ ചേർത്തതിനുള്ള തെളിവുകളായിരുന്നു. പൂങ്കുന്നത്തെ ഇൻ ലാന്റ് ഉദയ നഗർ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടത്തിയത്. ഓരേ ഫ്ലാറ്റ് നമ്പർ ഉപയോഗിച്ചും ഫ്ലാറ്റ് നമ്പർ കൃത്യമായി രേഖപ്പെടുത്താതെയും നിരവധിപ്പേരാണ് വോട്ടർപ്പട്ടികയിൽ ഇടംപിടിച്ചിരുന്നത്. ആർഎസ് എസ് നേതാവും, മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി നിന്ന വിജയിച്ച സുരേഷ് ഗോപിയും കുടുംബം അടക്കം ഇരട്ടവോട്ടുകൾ ചേർത്ത വിവരങ്ങളും പുറത്തുവന്നിരുന്നു.