തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന നിലപാടിൽ ഉറച്ച് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ. സമവായ നീക്കങ്ങളുമായി ആശുപത്രി മാനേജ്‌മെൻ്റ് അസോസിയേഷൻ ഇന്ന് സമര നേതാക്കളുമായി ചർച്ച നടത്തും. നാളെ മുതൽ മുതൽ സമ്പൂർണ പണിമുടക്കുമെന്ന് യുഎൻഎ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ സേവനം ഉൾപ്പെടെ ബഹിഷ്കരിക്കാനാണ് തീരുമാനം.
അടിസ്ഥാന ശമ്പളം 28,000 രൂപയാക്കി കരട് വിജ്ഞാപനം ഇറക്കിയത് കണ്ണിൽ പൊടിയിടാനുളള സർക്കാർ ശ്രമമാണെന്നാണ് യുഎൻഎയുടെ പ്രതികരണം. സമരം തുടരാൻ നേഴ്‌സുമാർ തീരുമാനിച്ചതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നഴ്സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 24,290 മുതൽ 29,390 വരെയാക്കിയെന്നും, കൂടിയത് 29390 മുതൽ 33080 വരെയായിരിക്കുമെന്നും അറിയിച്ച് കൊണ്ട് തൊഴിൽ വകുപ്പ് ഉത്തരവിറക്കിയത്. മുൻകാല പ്രാബല്യത്തോടെ വേതന വർധന ലഭിക്കുമെന്നും വകുപ്പ് അറിയിച്ചിരുന്നു.
സ്വകാര്യ ആശുപത്രികളിലെ മറ്റ് ജീവനക്കാരുടെ ശമ്പളത്തിലും വർധന ഉണ്ടാകും. ഇതിന് പുറമേ അധിക അലവൻസ്, ക്ഷാമബത്ത, വാർഷിക ഇൻക്രിമെൻ്റ്, സർവീസ് വെയ്റ്റേജ് എന്നിവയും ലഭിക്കും. പുതിയ കരട് നയത്തിൽ ആക്ഷേപം കേൾക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ആ ഘട്ടത്തിലാണ് വീണ്ടും സമരവുമായി സംഘടന മുന്നോട്ട് പോകുന്നത്.