
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തിക്കുന്ന നെയ് തേങ്ങയിലും പണപ്പിരിവ് നടത്തി ഉണ്ണികൃഷ്ണൻ പോറ്റി. 2021 മുതൽ 2023 വരെ പതിനായിരത്തി ഒന്ന് നെയ്‌ത്തേങ്ങകളാണ് പോറ്റി സന്നിധാനത്ത് എത്തിച്ചത്. വിവിധ ഇടങ്ങളിലെ ഭക്തരിൽ നിന്നും നെയ്‌ത്തേങ്ങകൾ ശേഖരിച്ച് ലക്ഷങ്ങളാണ് ഉണ്ണികൃഷ്ണൻ പോറ്റി സമ്പാദിച്ചത്.
ആചാര പ്രകാരം നെയ്‌തേങ്ങകൾ സന്നിധാനത്ത് എത്തിക്കേണ്ടത് ഇരുമുടി കെട്ടുകളിലാണ്. എന്നാൽ പോറ്റി എത്തിച്ചിരുന്നത് പമ്പയിൽ നിന്ന് ട്രാക്ടറുകളിലാക്കി. അഭിഷേകം നടത്തി പ്രസാദം ഭക്തർക്ക് നൽകുകയാണ് പതിവ്. 2023ൽ ദേവസ്വം ബോർഡ് ഇടപാട് വിലക്കിയിരുന്നു.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി സ്വയം കുഴിച്ച കുഴിയിൽ വീണുവെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ശക്തമായ അന്വേഷണം വേണമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. 1998 സെപ്റ്റംബർ മുതൽ 2025 വരെയുള്ള കാര്യങ്ങൾ അന്വേഷിക്കട്ടെ. സ്മാർട്ട് ക്രിയേഷൻസിനെ സംബന്ധിച്ച് ബോർഡിന് യാതൊരു ആക്ഷേപവും ഇല്ല. ദേവസ്വം വിജിലൻസ് കോടതി നിരീക്ഷണത്തിൽ കൃത്യമായ അന്വേഷണം നടത്തുന്നു. ദേവസം വിജിലൻസിന്റെ അന്വേഷണത്തിൽ തന്നെ സത്യം തെളിയുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.