തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ ഉണ്ണികൃഷ്‌ണൻ പോറ്റി മൊഴി നൽകിയതായി സൂചന. ഉണ്ണികൃഷ്‌ണൻ സ്പോൺസറായി അപേക്ഷ നൽകിയത് മുതൽ വലിയ ഗൂഢാലോചന തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൽപേഷിനെ കൊണ്ട് വന്നത് ഗൂഡാലോചനയുടെ ഭാഗമായാണ്. സ്വർണം ചെമ്പായി രേഖപ്പെടുത്തിയതിലും ഗൂഡാലോചനയുണ്ട്. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തതായും എസ്ഐടി സംശയിക്കുന്നുണ്ട്. കസ്റ്റഡി അപേക്ഷ നൽകാനായി പോറ്റിയെ ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയിൽ നിന്നും രണ്ട് ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫോൺ രേഖകൾ അന്വേഷണ സംഘം പരിശോധിക്കും. ഫോണുകളിലെ വിവരങ്ങളാണ് പരിശോധിക്കുന്നത്. ഉദ്യോഗസ്ഥരിൽ നിന്നടക്കം പോറ്റിക്ക് സഹായം ലഭിച്ചതായി മൊഴി നൽകിയെന്നാണ് സൂചന. ഇത് സ്ഥിരീകരിക്കുന്ന നിർണായക വിവരങ്ങൾ ഫോണിൽ നിന്നും ലഭിച്ചതായും വിവരമുണ്ട്. കാൾ ലിസ്റ്റ് ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കും.
അതേസമയം, ആരെങ്കിലും കുടുക്കിയതാണോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു പോറ്റിയുടെ മറുപടി. കഴിഞ്ഞദിവസം രാവിലെയാണ് കിളിമാനൂരുള്ള വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റിയുണ്ടെന്നുള്ള വിവരം പ്രത്യേക അന്വേഷണസംഘത്തിന് ലഭിക്കുന്നത്. പിന്നാലെ വീട്ടിലെത്തി ചോദ്യം ചെയ്യലിനായി കൊണ്ടുപോകുകയായിരുന്നു. കേസിൽ പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ രണ്ട് എഫ്ഐആറിലും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. മുൻകൂർ ജാമ്യപേക്ഷ അടക്കമുള്ള നടപടികളിലേക്ക് പോറ്റി കടക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണസംഘത്തിൻ്റെ നിർണായക നീക്കം.
അഴിമതിയും മോഷണവും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവസ്വം ജീവനക്കാരെയും പ്രതി ചേർത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, അടക്കം പത്ത് പേരാണ് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. മോഷണം, ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾക്ക് പുറമേ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് എഫ്ഐആർ.