കൊല്ലം: ശബരിമല സ്വർണക്കൊള്ളയിലെ ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. ദ്വാരപാലക കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി ആയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യഹർജി നൽകിയത്. എന്നാൽ ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പുറത്ത് ഇറങ്ങാൻ കഴിയില്ല. കട്ടിളപാളി കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ജയിലിന് പുറത്തിറങ്ങാൻ കഴിയൂ. അതുവരെ പോറ്റി റിമാൻഡിൽ തുടരും.
അതേസമയം, കേസിലെ ഇഡിയുടെ വരവ് സംശയാസ്പദമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഹൈക്കോടതി നിയന്ത്രണത്തിലുള്ള എസ്ഐടി അന്വേഷണം തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഏത് കാലഘട്ടത്തിലേക്കും അന്വേഷണം നീങ്ങട്ടെ എന്നും വി.എൻ. വാസവൻ പറഞ്ഞു. സർക്കാരിന് ഒന്നും മറയ്ക്കാൻ ഇല്ല. എക്സ് ഓർ വൈ, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടണം. ആരിലേക്ക് അന്വേഷണം എത്തണം എന്ന് തീരുമാനിക്കുന്നത് എസ്ഐടി ആണ്, സർക്കാർ അല്ലെന്നും വി.എൻ വാസവൻ പറഞ്ഞു.
ഇഡിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ്. മുഖ്യമന്ത്രിയ്ക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പുറത്തായെന്നും ശബരിമല സ്വർണക്കൊള്ളക്കേസ് എസ്ഐടി ഭംഗിയായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇഡി അന്വേഷണത്തിൽ പല ഉദ്ദേശ്യങ്ങളും കാണാം. ആരായാലും അന്വേഷണത്തിന്റെ പരിധിയിൽ വരട്ടെ. തന്ത്രിയിലേക്കോ മന്ത്രിയിലേക്കോ അന്വേഷണം പോകട്ടെ. അന്വേഷണത്തിന് വഴി പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലെന്നും വി.എൻ. വാസവൻ പറഞ്ഞു.