പാലക്കാട്: ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കാണാൻ പോയത് പ്രസാദം നൽകാനെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സന്ദർശനത്തിന് മുൻകൂർ ആയി അനുമതി വാങ്ങിയത് താൻ അറിഞ്ഞില്ല. തൻ്റെ മണ്ഡലത്തിൽ ഉള്ള വോട്ടർ ആയതുകൊണ്ടാണ് പോറ്റിയുടെ കൂടെ പോയത് എന്നും കാട്ടുകള്ളൻ ആണെന്ന് അറിയില്ലായിരുന്നു എന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
ജോൺ ബ്രിട്ടാസ് എംപിക്കെതിരെ അടൂർ പ്രകാശ് ആരോപണമുയർത്തി. എസ്ഐടി ജോൺ ബ്രിട്ടാസും- പോറ്റിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. ഇടയിൽ "പാലമായി" നിൽക്കുന്ന ആളുമായി നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇത് പരിശോധിക്കണം. എല്ലാ ഫോൺ രേഖകളും എസ്ഐടി പരിശോധിക്കണം. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
ലീഗിൻ്റെ അധിക സീറ്റ് ആവശ്യത്തിൽ മുന്നണിയിലെ കക്ഷി എന്ന നിലയ്ക്ക് ലീഗിന് അധിക സീറ്റ് ചോദിക്കാമെന്ന് അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കും. എംപിമാരുടെ സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും അടൂർ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നുവെന്ന വാർത്ത സിപിഐഎമ്മിൻ്റെ ആഭ്യന്തര കാര്യമെന്ന് അടൂർ പ്രകാശ് പറഞ്ഞു. പിണറായി വിജയൻ എടുക്കുന്ന തീരുമാനങ്ങൾ തന്നെയാണ് സിപിഐഎമ്മിൽ നടപ്പിലാക്കുന്നത്. ജനാധിപത്യപരമായല്ല കാര്യങ്ങൾ നടക്കുന്നത്. ഏകാധിപത്യമാണ് നിലനിൽക്കുന്നത്. യുഡിഎഫ് 100 സീറ്റിൽ അധികം നേടി അധികാരത്തിൽ വരുമെന്നും അടൂർ പ്രകാശ് പറഞ്ഞു.