

പാലക്കാട്: ഷാഫിയെ വിമർശിച്ച രാജ്മോഹൻ ഉണ്ണിത്താന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ്. ഉണ്ണിത്താൻ പൊടിക്ക് അടങ്ങുന്നതാണ് നല്ലതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട് ഫേസ്ബുക്കിലൂടെ തിരിച്ചടിച്ചു. വരുന്നിടത്തും പോകുന്നിടത്തുമെല്ലാം ഷാഫിയെ പൂക്കൾ എറിഞ്ഞ് പ്രവർത്തകർ സ്വീകരിക്കുമ്പോൾ, ഉണ്ണിത്താനെ പണ്ട് കൊല്ലത്ത് നിന്ന് ചീമുട്ട എറിഞ്ഞാണ് സ്വീകരിച്ചതെന്നും യൂത്ത് കോൺഗ്രസ് നേതാവ് പരിഹസിച്ചു.
പാർട്ടിക്ക് വേണ്ടി ഉണ്ണിത്താൻ ചെയ്തതിനേക്കാൾ ഷാഫി പ്രവർത്തിച്ചിട്ടുണ്ടെന്നും ഉണ്ണിത്താൻ ലാർജ് സ്കെയിൽ ഡാമേജ് ഉണ്ടാക്കിയ പോലെ ഷാഫി ഒരു ഡാമേജും ഉണ്ടാക്കിയിട്ടില്ലെന്നും വിനോദ് വിമർശിച്ചു. ഉണ്ണിത്താനെ സസ്പെൻഡ് ചെയ്ത പോലെ ഷാഫിക്ക് ഒരു നടപടിയും നേരിടേണ്ടി വന്നിട്ടില്ല. 2019ൽ കാസർഗോഡ് വിജയിച്ചില്ലെങ്കിൽ ഉണ്ണിത്താൻ രാഷ്ട്രീയത്തിൽ തന്നെ ഉണ്ടാകില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് പരിഹസിച്ചു.
ഷാഫി എ ഗ്രൂപ്പ് അല്ലെന്ന് ഉണ്ണിത്താൻ.
ഉണ്ണിത്താൻ കോൺഗ്രസ് തന്നെയാണോ എന്ന് കോൺഗ്രസുകാർ?
ഒരുപക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയില്ലായിരുന്നുവെങ്കിൽ, കാസർഗോഡ് നിന്ന് 2019ൽ വിജയിച്ചില്ലായിരുന്നെങ്കിൽ രാജ്മോഹൻ ഉണ്ണിത്താൻ ഇന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ തന്നെ ഉണ്ടാകുമായിരിക്കുമോ എന്ന് കണ്ടറിയേണ്ടിയിരുന്നു.
എന്തായാലും കയ്യിലിരിപ്പ് കൊണ്ട് ഉണ്ണിത്താനെ 2004ലും 2009ലും ഒക്കെ സസ്പെൻഡ് ചെയ്തതു പോലെ ഒരു തവണ പോലും പാർട്ടിക്ക് എതിരെ സംസാരിക്കുകയോ പാർട്ടിയിൽ കുഴപ്പം ഉണ്ടാകുന്നതിന് സസ്പെൻഷനിൽ ആവുകയോ ചെയ്ത ആളല്ല ഷാഫി പറമ്പിൽ.
വരുന്നിടത്തും പോകുന്നിടത്തും എല്ലാം ഷാഫിയെ പൂക്കൾ എറിഞ്ഞ് പ്രവർത്തകർ സ്വീകരിക്കുമ്പോൾ ഉണ്ണിത്താനെ പണ്ട് കൊല്ലത്ത് നിന്ന് ചീമുട്ട എറിഞ്ഞാണ് സ്വീകരിച്ചത്.
കെ.എസ്.യു-യൂത്ത് കോൺഗ്രസ്-കോൺഗ്രസ് നേതൃതലങ്ങളിൽ ഷാഫി പറമ്പിൽ വഹിച്ച അത്രയും പാർട്ടി ഭാരവാഹിത്വം ഒന്നും ഉണ്ണിത്താൻ വഹിച്ചിട്ടില്ല. ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഷാഫി പറമ്പിൽ ഓടിനടന്ന് ഓരോ സ്ഥാനാർത്ഥികൾക്കും വേണ്ടി നടത്തിയ പ്രചാരണങ്ങളുടെ പത്തിലൊന്ന് ഉണ്ണിത്താൻ നടത്തിയിട്ടുമില്ല.
50 വർഷം കൊണ്ട് ഉണ്ണിത്താൻ ചെയ്തതിനേക്കാൾ ഏറെ, ഒരുപക്ഷേ രാഷ്ട്രീയ പ്രവർത്തനമായി ഷാഫി പറമ്പിൽ ഈ പ്രായത്തിനിടക്ക് ചെയ്തിട്ടുണ്ടാകും. എന്നാൽ ഉണ്ണിത്താൻ പാർട്ടിക്ക് ലാർജ് സ്കെയിൽ ഡാമേജ് ഉണ്ടാക്കിയിട്ടുള്ളതുപോലെ ഷാഫി പറമ്പിൽ പാർട്ടിക്ക് യാതൊരുവിധ ഡാമേജും ഉണ്ടാക്കിയിട്ടില്ലതാനും.
അതുകൊണ്ട് ഉണ്ണിത്താൻ പൊടിക്കു അടങ്ങുന്നതാണ് നല്ലത്. പാർട്ടി പ്രവർത്തകരെ വെറുതെ പ്രകോപിതർ ആക്കാതിരിക്കുന്നതാണ് ഉണ്ണിത്താൻ്റെ സ്വൈര്യ രാഷ്ട്രീയ ജീവിതത്തിന് നല്ലത്.