

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി അതീവ ഗൗരവമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാവിലെ 10 ണിക്ക് തുടങ്ങിയ സംസ്ഥാന സെക്രട്ടറിയേറ്റ് രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. കണക്ക് നോക്കി പോകുന്ന പതിവ് രീതി പറ്റില്ലെന്നും കീഴ് ഘടകങ്ങളിൽ നിന്ന് തോൽവിയുടെ കാരണം അന്വേഷിക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് കാര്യത്തിൽ സെക്രട്ടറിയേറ്റിൽ തീരുമാനമായില്ല. അതിൽ സിപിഐഎം ഉടൻ തീരുമാനമെടുക്കും.
അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ പരിഗണിക്കരുതെന്ന അഭിപ്രായം സിപിഐയിൽ നിന്നുണ്ടായി. തോൽവിയുടെ ആഴം എത്ര വലുതാണെന്നതിൻ്റെ തെളിവായിരുന്നു രാത്രി വരെ നീണ്ട സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. മറയില്ലാതെ സംസാരിക്കാനും , മുൻവിധിയില്ലാതെ കേൾക്കാനും നേതൃത്വം തയ്യാറാകണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ ആവശ്യമുയർന്നു. സാങ്കേതികമായ വിലയിരുത്തൽ മാത്രം പോരാ,തോൽവിയുടെ കാരണങ്ങൾ അന്വേഷിക്കേണ്ടത് കീഴ്ഘടകങ്ങളിൽ നിന്നാണെന്നും അഭിപ്രായമുണ്ടായി.
ബ്രാഞ്ച് തൊട്ട് പാർട്ടി പ്രവർത്തകരെ കേൾക്കാൻ തീരുമാനിച്ചതും സെക്രട്ടേറിയറ്റിലെ ഈ വികാരം കണക്കിലെടുത്താണ് . പാളിച്ചകൾ തിരുത്തി മുന്നോട്ട് പോകണം. പാർട്ടി അടിത്തറ നഷ്ടമായ അവസ്ഥയാണ്.അണികളെ മനസ്സിലാക്കാൻ പോലും കഴിയുന്നില്ലെന്നും വിമർശനമുണ്ടായി. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണമെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളിൽ. ഇക്കാര്യത്തിൽ പിണറായിയുടെ നിലപാട് കൂടി കണക്കിലെടുത്താണ് അന്തിമ തീരുമാനമുണ്ടാവുക
പിണറായി വിജയൻ്റെ ശൈലി തോൽവിയുടെ ആക്കം കൂട്ടി എന്നാണ് സിപിഐ നേതൃ യോഗങ്ങളിൽ ഉയർന്ന വിമർശനം. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പുതുമുഖം വരട്ടെ എന്നും അഭിപ്രായമുയർന്നു. എന്നാൽ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സിപിഐഎം ആണെന്നും വാർത്തകൾ തെറ്റാണെന്നുമായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. എന്നാൽ, തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങി നാല് ദിവസമാകുമ്പോഴും മൗനം തുടരുകയാണ് പിണറായി വിജയൻ.