ആലപ്പുഴ: ഓപ്പറേഷനിടെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തതിനു പിന്നാലെ ഉഷ ജോസഫ് പുന്നപ്രയിലെ വീട്ടിലെത്തി. അഞ്ച് വർഷം ഞാൻ ഈ വേദന അനുഭവിച്ചു എന്നും, ഇപ്പോഴും വേദനയുണ്ടെന്നും ഉഷ ന്യൂസ് മലയാളത്തോട് പറഞ്ഞു. സ്വന്തമായി വീട് ഇല്ല. ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. മകൻ്റെ ജോലി പോലും നഷ്ടപ്പെട്ടു. സർക്കാർ ഞങ്ങൾക്ക് നഷ്ടപരിഹാരവും, മകന് ജോലിയും നൽകണമെന്ന് ഉഷ ആവശ്യപ്പെട്ടു.
ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. ശാരീരികമായി ഒരു ജോലിയും ചെയ്യാൻ പറ്റുന്ന അവസ്ഥയിൽ അല്ല. രണ്ടാഴ്ച കഴിഞ്ഞ് സ്റ്റിച്ച് എടുക്കാൻ പോകണം. കെ.സി. വേണുഗോപാൽ എംപിയാണ് ചികിത്സാ ചെലവുകൾ വഹിച്ചത്. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ഇനി ഒരു സ്ത്രീക്കും ഈ അവസ്ഥ ഉണ്ടാവരുത് എന്നും ഉഷ ചൂണ്ടിക്കാട്ടി.
വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച് അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ വയറ്റിൽ കത്രിക മറന്നുവച്ചെന്നായിരുന്നു ഉഷാ ജോസഫ് ആരോപിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറു വേദന അനുഭവപ്പെട്ടു. എന്നാൽ മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ഡോക്ടർ മടക്കി അയക്കുകയായിരുന്നു. എംആർഐ സ്കാൻ എടുത്ത് നോക്കിയപ്പോഴാണ് കത്രിക വയറിനുള്ളിൽ ഉണ്ടെന്ന് മനസിലായതെന്ന് ഉഷ പറഞ്ഞിരുന്നു.
ചികിത്സാ പിഴവ് പറ്റിയെന്ന് സമ്മതിച്ച് ആശുപത്രി സൂപ്രണ്ട് രംഗത്തെത്തിയിരുന്നു. കോവിഡ് സമയത്തെ ശസ്ത്രക്രിയയിൽ പരിമിതികൾ ഉണ്ടായിരുന്നു എന്നാണ് സൂപ്രണ്ടിൻ്റെ വാദം. നിലവിൽ സർവീസിലുള്ള ഡോക്ടർ ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയതെന്നു അധികൃതർ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി എടുക്കുമെന്നും, സർക്കാർ കുടുംബത്തിനൊപ്പം ആണെന്നും ആരോഗ്യ വീണ ജോർജ് പറഞ്ഞിരുന്നു.